SEED News

മാതൃഭൂമി സീഡ് ചിത്രകലാക്യാമ്പ് ‘വരമുറി’ ശനിയാഴ്ച സമാപിച്ചു


പൂക്കളും പൂമ്പാറ്റകളും ചെടികളും മാത്രമല്ല, അവർ വരച്ചത്. കുരങ്ങും മുയലും മുതലയും അവർക്ക് അവധിക്കാല കളിക്കൂട്ടുകാരായി. വീടും മാനും ആനയും അണ്ണാറക്കണ്ണനും നിറംചേർത്ത് വരച്ചവർ പലർ. പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന ഗാന്ധിയപ്പൂപ്പനും റോസാപ്പൂ കുപ്പായമുള്ള ചാച്ചാജിയും കണ്ണടവെച്ച് ചാരുകസേരയിൽ കിടക്കുന്ന ബഷീറും കുരുന്നുവരകളിൽ തെളിഞ്ഞു. ഒരു കുസൃതിക്കാരി പഠിപ്പിക്കുന്ന ചിത്രകാരനെത്തന്നെ കാൻവാസിൽ പകർത്തി. ക്യാമ്പിനൊടുവിൽ നടത്തിയ പ്രദർശനത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ ഒരുമിച്ചുകണ്ടപ്പോൾ ആഹ്ലാദം ഇരട്ടിയായി. ആറുനാൾനീണ്ട മാതൃഭൂമി സീഡ് ചിത്രകലാക്യാമ്പ് ‘വരമുറി’ ശനിയാഴ്ച സമാപിച്ചു.

സമാപനയോഗം മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റർ (ഡിജിറ്റൽ ആൻഡ് പീരിയോഡിക്കൽസ്) ഒ.ആർ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.വി. റെജി അധ്യക്ഷനായി. മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ, പീരിയോഡിക്കൽസ് അസിസ്റ്റന്റ് എഡിറ്റർ ഡോ. കെ.സി. കൃഷ്ണകുമാർ, ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ കെ. പ്രഭാകർ, രക്ഷിതാക്കളുടെ പ്രതിനിധി കെ. നിഖില തുടങ്ങിയവരും സംസാരിച്ചു.

കുട്ടികളെ ചിത്രകല പരിശീലിപ്പിച്ച മാതൃഭൂമി ആർട്ടിസ്റ്റുമാരായ ബി.എസ്. പ്രദീപ് കുമാർ, ജോയി തോമസ്, എൻ.എൻ. സജീവൻ, സി.വി. ദ്വിജിത്ത്, ടി.വി. ഗിരീഷ് കുമാർ, വി. ബാലു, സി.ജെ. സിബി, വിജേഷ് വിശ്വം എന്നിവരെ ആദരിച്ചു. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

May 02
12:53 2023

Write a Comment

Related News