കുട്ടികൾക്ക് വഴിതെളിക്കാൻ മാർഗദീപമായി മാതൃഭൂമി സീഡ് അധ്യാപകശില്പശാല
തൊടുപുഴ: മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്ന് കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായുള്ള തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സീഡ് ടീച്ചർ കോഓർഡിനേറ്റർമാർക്കുള്ള ശില്പശാല മുതലക്കോടം സെയ്ന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി സമൂഹനന്മ കുട്ടികളിലൂടെയെന്ന മുദ്രവാക്യമുയർത്തി മാതൃഭൂമി സീഡ് പദ്ധതി 15 വർഷത്തിലേക്കു മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി നടന്ന ശില്പശാല തൊടുപുഴ എ.ഇ.ഒ. ഷീബാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂളുകളിലെ സീഡ് ടീച്ചർ കോർഡിനേറ്റര്മാര് വിദ്യാലയത്തിന്റെയും കുട്ടികളുടെയും സമഗ്രവികാസത്തിനും പരിസ്ഥിതിസംരക്ഷണത്തിനു ചെയുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാര്ഹമാണെന്നു എ.ഇ.ഒ. പറഞ്ഞു. ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും തൊടുപുഴ ബ്രാഞ്ച് ഹെഡുമായ ധനേഷ് ജോസ് അധ്യക്ഷത വഹിച്ചു. കുട്ടികളെ പരിസ്ഥിതിയോട് കൂടുതൽ അടുപ്പിക്കുകയും കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ സഹായിക്കുകയും ചെയ്യുന്ന സീഡിന്റെ പ്രവർത്തനത്തിൽ മാതൃഭൂമിയുമായി കൈകോർക്കുന്നതിൽ ഫെഡറൽ ബാങ്കിന് സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി കോട്ടയം സർക്കുലേഷൻ ഡെപ്യൂട്ടി ചീഫ് മാനേജർ സജി കെ.തോമസ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു. തൊടുപുഴ ബ്യൂറോ ചീഫും സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റുമായ എം. ബിലീന മുഘ്യപ്രഭാക്ഷണം നടത്തി.
റിസോഴ്സ് പേഴ്സൺമാരായ മാതൃഭൂമി തൊടുപുഴ സർലേഷൻ എക്സിക്യൂട്ടീവ് എൻ.കെ.ഷാജൻ, തൊടുപുഴ റിപ്പോർട്ടർ അനൂപ് ഹരിലാൽ എന്നിവർ സീഡ് പദ്ധതിയിൽ ഈ അധ്യയനവർഷം നടപ്പാക്കേണ്ട വിവിധ വിഷയങ്ങൾ വിശദീകരിച്ചു.
മുതലക്കോടം സെയ്ന്റ് ജോർജ് ഹൈസ്കൂളിലെ സീഡ്ടീച്ചർ കോ-ഓർഡിനേറ്റർ റോസ്മേരി കെ.ജോൺ ചടങ്ങിന് നന്ദി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് അൻപതിലേറെ അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു. അധ്യാപകർ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു.
July 18
12:53
2023