SEED News

കോഴിക്കോട് അധ്യാപക ശില്പശാല

കോഴിക്കോട്: കുട്ടികളുടെ സാമൂഹിക,മാനസിക മുന്നേറ്റത്തിന് മാതൃഭൂമി സീഡ് വഹിക്കുന്നത് വലിയ പങ്കാണെന്ന് വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എം.ജോഷിൽ പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളെ ഉത്തരവാദിത്വമുള്ള പൗരൻമാരായി വളർത്താൻ എല്ലാ സ്കൂളുകളിലും സീഡ് പദ്ധതി തുടങ്ങണമെന്നാണ് അഭിപ്രായമെന്നും ജോഷിൽ പറഞ്ഞു.
‘സമൂഹനൻമ കുട്ടികളിലൂടെ’ എന്ന മുദ്രാവാക്യവുമായി ഫെഡറൽ ബാങ്കുമായി സഹകരിച്ച് മാതൃഭൂമി സീഡ് സ്കൂളുകളിൽ പ്രവർത്തനം തുടങ്ങിയിട്ട് 15-ാം വർഷത്തിലേക്ക് കടക്കുകയാണ്. ‘പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം കണ്ടെത്തുക’ എന്ന യു.എൻ.ഇ.പിയുടെ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശത്തെ മുൻനിർത്തിയാണ് സീഡിന്റെ ഇത്തവണത്തെ പ്രവർത്തനം. കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി ‘തനിച്ചല്ല’ എന്ന പേരിൽ ഒരു പുതിയ പദ്ധതിയും ഈ വർഷം മാതൃഭൂമി സീഡ് തുടങ്ങിയിട്ടുണ്ട്. ലഹരി,സൈബറിടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചതിക്കുഴികളിൽപ്പടാതിരിക്കാനും, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപരമായ അറിവ് പകർന്നും കുട്ടികളോടൊപ്പം ചേർന്നു നിൽക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
ശിൽപ്പശാലയിൽ നൂറിലേറെ അധ്യാപകർ പങ്കെടുത്തു. ഫെഡറൽ ബാങ്ക് കോഴിക്കോട് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.വി.റെജി അധ്യക്ഷനായി.
മാതൃഭൂമി കോഴിക്കോട് സീനിയർ റീജ്യണൽ മാനേജർ സി.മണികണ്ഠൻ,മാതൃഭൂമി ‘തനിച്ചല്ല’ പദ്ധതി റിസോഴ്സ് കൺസൽട്ടന്റ് അഡ്വ.ആർ.അപർണ നാരായണൻ,അധ്യാപകരായ എസ്.ഗീത നായർ,മൊയ്തീൻ കോയ തുടങ്ങിയവർ സംസാരിച്ചു. സീഡ് റിസോഴ്സ് പേഴ്സൺ പി.സോമശേഖരൻ ക്ലാസ്സ് നയിച്ചു.

July 18
12:53 2023

Write a Comment

Related News