ഇലിപ്പക്കുളം സ്‌കൂളിൽ ജൈവപച്ചക്കറിത്തോട്ടം ഒരുക്കി
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൈവപച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ.സി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നീ ക്ലബ്ബുകൾ ചേർന്ന് സ്‌കൂൾ വളപ്പിലാണ് തോട്ടം നിർമിച്ചത്. സ്‌കൂൾ ഉച്ചഭക്ഷണത്തിൽ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തുകയാണു ലക്ഷ്യം. വഴുതന, പയർ, പാവൽ, വെണ്ട, മുളക്, കോളിഫ്‌ളവർ, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് തോട്ടത്തിൽ കൃഷിചെയ്യുന്നത്. പി.ടി.എ. പ്രസിഡന്റ് ആർ. സത്യവർമ്മ പച്ചക്കറിത്തൈ നട്ട് ജൈവപച്ചക്കറിത്തോട്ടനിർമാണ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ പി. കൃഷ്ണകുമാർ, അനിത, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, രാജി, സബിത, ഗംഗ എന്നിവർ നേതൃത്വം നൽകി.
August 10
12:53
2023