ഇലിപ്പക്കുളം സ്കൂളിൽ പൂക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്. വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് നടത്തിയ ചെണ്ടുമല്ലിപ്പൂക്കൃഷിയുടെ വിളവെടുത്തു. സ്കൂൾ വളപ്പിൽ 150 ഗ്രോബാഗുകളിലാണു കൃഷി നടത്തിയത്. കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ നടീൽ മിശ്രിതമാണ് ബാഗുകളിൽ നിറച്ചത്. ജലസേചനം, ജൈവവള പ്രയോഗം, ചെടികളുടെ പരിപാലനം എന്നിവയും വിദ്യാർഥികൾതന്നെയാണു നടത്തിയത്. പൂക്കളുടെ വിൽപ്പനയിലൂടെ കിട്ടുന്ന പണം കിടപ്പുരോഗികൾക്കു സഹായമായി നൽകും. ജില്ലാ പഞ്ചായത്തംഗം ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ. സത്യവർമ അധ്യക്ഷനായി. പ്രിൻസിപ്പൽമാരായ കെ.ആർ. ഹരി, ഹരീഷ്‌കുമാർ, സീഡ് കോ-ഓർഡിനേറ്റർ സി.ജി. വിനോദ്, ആർ. രതീഷ്, എസ്. ശ്രീനാഥ്, എസ്. സബീന, സ്മിതാരാജൻ, ആർ. ശോഭന, രാജേഷ് എന്നിവർ പ്രസംഗിച്ചു.
August 19
12:53
2023