'വിശിഷ്ട ഹരിത വിദ്യാലയം' സമ്മാനത്തുക കൊണ്ട് മമ്പാട് സ്കൂളിൽ വായനക്കൂടാരം
കൂട്ടുകാർക്കൊപ്പമിരുന്ന് അറിവിന്റെ മധുരം നുകരാൻ മുളകൊണ്ട് കൂടാരം തീർത്ത മമ്പാട് സി.എ.യു.പി സ്കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ്. സ്കൂൾ അങ്കണത്തിലെ അത്തിമരച്ചുവട്ടിലാണ് 'ഹരിതയാനം' എന്ന പേരിട്ട പ്രകൃതിസൗഹൃദ വായനക്കൂടാരമൊരുക്കിയത്. പത്രം, കുട്ടികൾക്കുള്ള പ്രസദ്ധീകരണങ്ങൾ തുടങ്ങിയവയെല്ലാം വായനകൂടാരത്തിലുണ്ടാകും. മുളകൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
കളിമണ്ണു കൊണ്ട് നിർമിച്ച തറ ചാണകം മെഴുകി മനോഹരമാക്കി. സീഡ് പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങളിൽ മൂന്നാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചിരുന്നു. പുരസ്‌കാര തുക ഉപയോഗിച്ചാണ് കൂടാരം നിർമിച്ചത്.
'മാതൃഭൂമി' പാലക്കാട് ന്യൂസ് എഡിറ്റർ എൻ.സുസ്മിത ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.വി.ശിവദാസൻ അധ്യക്ഷനായി. സീഡ് വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം മാനേജർ എം.സി. രാജഗോപാലൻ നിർവഹിച്ചു. പ്രധാനാധ്യാപിക പി.കെ.ബിന്ദു, അദ്ധ്യാപിക എം.ജോതിഷ, സീഡ് അധ്യാപക കോ-ഓർഡിനേറ്റർ ഒ.എസ്. നീന തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥിയായ വി. അജീഷാണ് കൂടാരം നിർമിച്ചത്
February 10
12:53
2024