SEED News

പാരിസ്ഥിതിക ഇടപെടൽ; മുമ്പേ നടന്ന് മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂൾ


കോട്ടയം: പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടുന്നതിൽ മുമ്പേ നടന്ന്, കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ സീഡ് ക്ലബ്ബ്. സ്കൂളിലും കുട്ടികളുടെ വീടുകളിലും മാത്രമല്ല ആറ്റുപുറമ്പോക്കിലും പാട്ടത്തിനെടുത്ത ഭൂമിയിലുമെല്ലാം കൃഷിയിറക്കുന്നിണ്ടിവർ. 1,500 കുട്ടികളുടെ വീടുകളില് സീഡ് ‘കൃഷിവീട്’ പദ്ധതി നടപ്പാക്കി. സീഡ് ക്ലബ്ബിലുൾപ്പെട്ട 30 അംഗങ്ങൾക്കൊപ്പം പ്രഥമാധ്യാപിക, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ചേർന്നുള്ള കർഷകസംഘമാണ് കാർഷിക പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. വെണ്ട, വഴുതന, പയർ, പച്ചമുളക്, തക്കാളി, പടവലം, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, ചീര, കാബേജ്, കോളിഫ്ലവർ, കാന്താരി, മുരിങ്ങക്ക എന്നിവയെല്ലാം കൃഷിചെയ്തു. ചാണകവും എല്ലുപൊടിയും കമ്പോസ്റ്റും ജൈവവളങ്ങളും ജൈവ കീടനാശിനിയും വിളവ് മികവുള്ളതാക്കി.
നാടൻഭക്ഷണ ശീലം വളർത്താൻ ലക്ഷ്യമിട്ട് രണ്ട് അധ്യാപകർ നയിക്കുന്ന പാചക പരിശീലന ക്ലാസ്സ് തുടരുന്നു. പോഷകാഹാര എക്സ്പോ, ഔഷധസസ്യങ്ങളെ അടുത്തറിയാൻ ഫീൽഡ് ട്രിപ്പ്, 50 വീടുകളിൽ മത്സ്യക്കൃഷി, മണ്ണ് സെമിനാർ, മണ്ണ് പ്രദർശനം, സ്കൂൾ പൂന്തോട്ട പരിപാലനം, ഉറവിടമാലിന്യ സംസ്കരണം, സ്കൂളിലെ സീറോ വേസ്റ്റ് പദ്ധതി, ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പകർത്തിയ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഫോട്ടോകളുടെ മത്സരം, ജല ഊർജ ജൈവവൈവിധ്യ സംരക്ഷണ ബോധവത്ക്കരണത്തിന് 2,000 നോട്ടീസുകളുടെ വിതരണം, സീഡ് റിപ്പോർട്ടറുടെ ഇടപെടലിൽ ഒരു വാർഡിലെയാകെ മാലിന്യം നീക്കം ചെയ്ത സംഭവം, ജല ജാഗ്രതയെന്ന പേരിൽ നടത്തിയ പുഴനടത്തം ഉൾപ്പടെയുള്ള ജലസംരക്ഷണ പരിപാടികൾ, ഊർജ സംരക്ഷണത്തിന് എൽ.ഇ.ഡി. ബൾബ് നിർമാണ പരിശീലനം, പ്രഥമശുശ്രൂഷാ പരിശീലനം, ഫ്ളാഷ് മോബ്, ആരോഗ്യ സുരക്ഷാ, മാനസ്സികാരോഗ്യ ക്ലാസ്സ്, ജനമൈത്രി പോലീസുമായി ചേർന്നുള്ള ബോധവത്കരണം, തനിച്ചല്ല പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ, പരാതിപ്പെട്ടി സ്ഥാപിക്കൽ, ലഹരി മുക്തവീട് പരിപാടിയ്ക്കൊപ്പം 1,800 കുട്ടികള് ലഹരിക്കെതിരെ കത്തെഴുതി, ആയോധനകല പരിശീലനം, പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം, വാഴയ്ക്കൊരു കൂട്ട്, എന്റെ തെങ്ങ് തുടങ്ങി തുടർ പ്രവർത്തനങ്ങളിലെല്ലാം മികവ് പുലർത്തി. പ്ലാവ്, മാവ്, പേര തുടങ്ങി മരങ്ങളും നട്ടുപിടിപ്പിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ 1,700 കുട്ടികളും അധ്യാപകരും പങ്കാളികളായി. 16 ബോധവത്കരണ ക്ലാസ്സുകളും വീഡിയോ പ്രദർശനവും ട്രാഫിക് നിയന്ത്രണ പരിശീലനവും സീഡ് പോലീസ് ഏറ്റെടുത്ത് നടപ്പാക്കി. മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ജെയിൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എ.എത്സമ്മ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർക്കാണ് മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ നേതൃത്വം.

March 28
12:53 2024

Write a Comment

Related News