SEED News

ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിന്

പത്തനംതിട്ട: മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി 2023-24 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർഥികളിൽ ചെറുപ്രായത്തിലേ  പരിസ്ഥിതി സ്നേഹത്തിൻറെയും സാമൂഹികനന്മയുടെയും വിത്തുകൾ പാകാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് ഇത്തവണ പത്തനംതിട്ട റവന്യൂ ജില്ലയിലെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയപുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

കാഴ്ചവെച്ചത് മികവാർന്ന പ്രവർത്തനം 
കടമ്മനിട്ട സ്കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏറെ മികവാർന്നതായിരുന്നു. കുട്ടികളിൽ പ്രകൃതിയോടും, കൃഷിയോടും താത്പ്പര്യം ഉണ്ടാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയത്. 200 ഗ്രോബാഗുകളിലായി ജൈവകൃഷി നടത്തി. ഈ  പച്ചക്കറികൾ സ്കൂളിൽ ഉച്ചഭക്ഷണത്തിന് സഹായമായി. കൂടാതെ, നൂറു ഗ്രോബാഗിലായി കൃഷിഭവന്റെ സഹകരണത്തോടെ തിരിനന സംവിധാനത്തിൽ  മില്ലറ്റ് കൃഷി, 200 ഗ്രോ ബാഗുകളിലായി സൂര്യകാന്തി പൂന്തോട്ടം എന്നിവ സ്കൂളിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. 
സീഡ് ചലഞ്ചിന്റെ ഭാഗമായി സീഡ് പോലീസിന്റെ നേതൃത്വത്തിൽ കടമ്മനിട്ട കാവ്യ സമുച്ചയം ശൂചീകരിക്കുകയും, പരിപാലനം ഏറ്റെടുക്കുകയും  ചെയ്തു. പ്രശസ്തമായ പടയണി ഗ്രാമത്തിന്റെ ദുരവസ്ഥയെ കുറിച്ചുള്ള വാർത്ത തയ്യാറാക്കുകയും, പ്രധാനമന്ത്രിയ്ക്ക് കത്ത് അയയ്ക്കുകയും ചെയ്തു. 
ലോക ആന ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ആന പാപ്പാനുമായി നടത്തിയ കുട്ടികളുടെ സംവാദ പരിപാടി ഏറെ വ്യത്യസ്തമായിരുന്നു. 
തനിച്ചല്ല പദ്ധതിയുടെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ, സൈബർ സേഫ്ടി, പേഴ്സണൽ സേഫ്ടി ക്ലാസുകൾ, രക്ഷകർത്താക്കൾ-അധ്യാപകർ- ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾതല സുരക്ഷാ ക്ലബ് രൂപവത്കരണം, ലഹരിക്കെതിരെ കാക്കാരിശ്ശി നാടകം, പരാതിപ്പെട്ടി സ്ഥാപിക്കൽ എന്നിവയും നടത്തി.
ഇലക്കറികൾ, മുതിര തുടങ്ങിയ നാടൻ വിഭവങ്ങളുടെ പ്രദർശനം, കോഴഞ്ചേരി ഗവ.ആശുപത്രിയിലേക്ക് ഭക്ഷണപ്പൊതി വിതരണം, ഊർജ -ജല-ജൈവ സംരക്ഷണത്തിനുള്ള ബോധവ്തക്കരണ പരിപാടികൾ, ജൈവ അജൈവ മാലിന്യ തരംതിരിവിനെപ്പറ്റിയുള്ള ബോധവത്ക്കരണം, നാടിന്റെ സ്വന്തം ആശാട്ടി അമ്മയെ ആദരിക്കൽ, പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം, എന്റെ തെങ്ങ്, നാട്ടു മാഞ്ചോട്ടിൽ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവയും ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. 
സ്കൂളിലെ പ്രഥമാധ്യാപിക ആർ. ശ്രീലത, ടീച്ചർ കോ- ഓർഡിനേറ്റർ പ്രിയ പി. നായർ, സീഡ് ക്ലബ് അംഗങ്ങൾ, പി.ടി .എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിവരുന്നത്. 

March 28
12:53 2024

Write a Comment

Related News