SEED News

പരിസ്ഥിതി സംരക്ഷണത്തിന് ഇസ്തിരിയിടാത്ത വസ്ത്രങ്ങളുമായി സെന്റ് ആഗ്നസ്

മുട്ടുചിറ :  മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്  'റിങ്കിൾസ് അച്ചേ ഹേ എന്ന പ്രോജക്ട് മെയ് പതിമൂന്നാം തിയതി തിങ്കളാഴ്ച ആരംഭിച്ചു. എനർജി സ്വരാജ് ഫൗണ്ടേഷൻ ദേശീയ തലത്തിൽ ആരംഭിച്ചിരിക്കുന്ന പ്രോജക്ടിന്റെ ഭാഗമായാണിത്. എല്ലാ തിങ്കളാഴ്ചയും ഇസ്തിരിയിടാത്ത വസ്ത്രങ്ങൾ ധരിക്കുക വഴി കാർബൺ പുറംതള്ളൽ കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ജോടി വസ്ത്രം ഒരു ദിവസം ഇസ്തിരിയിടാതെ ഉപയോഗിക്കുക വഴി 100 മുതൽ 200 ഗ്രാം വരെ കാർബൺ പുറംന്തള്ളൽ കുറക്കാനാകും. അഞ്ച് പേർ ഇങ്ങനെ ചെയ്താൽ ഏകദേശം ഒരു കിലോ കാർബൺ പുറംന്തളളൽ ഒഴിവാക്കാനാകും. അതുവഴി വൈദ്യുതി ഉപയോഗം കുറക്കുക, ചിലവ് ചുരുക്കൽ, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം ഒരേ സമയം സാധ്യമാകുന്നു. ചെറിയ തോതിൽ ഇപ്പോൾ തുടങ്ങുന്ന പദ്ധതി സ്കൂൾ തുറക്കുന്നതോടെ പരമാവധി കുട്ടികളിലേക്കും അധ്യാപകരിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയും അതുവഴി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുകയാണ് ലക്ഷ്യമെന്ന് സീഡ് ക്ലബ് കോർഡിനേറ്റർ ഡോ. റോബിൻ മാത്യു പറഞ്ഞു.  പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി.ആനി ജേക്കബ്ബ്, മുൻ സീഡ് ക്ലബ് കോർഡിനേറ്റർ സിനി പി അബ്രാഹം, ക്ലർക്ക് ജോമിച്ചൻ ജോസഫ്  എന്നിവർ സന്നിഹിതരായിരുന്നു.

May 18
12:53 2024

Write a Comment