SEED News

ഒരു മരമെങ്കിലും നടണം,ജലവും ഊർജവും സംരക്ഷിക്കണം - ആയുഷ് ഗോയൽ

കോഴിക്കോട് : പ്രകൃതിസംരക്ഷണത്തിനായി ഓരോരുത്തരും ഒരു മരമെങ്കിലും നടണമെന്നും ജലവും ഊർജവും സംരക്ഷിക്കണമെന്നും അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ പറ ഞ്ഞു. മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 16-ാംവർഷത്തെ ജില്ലാതല പ്രവർത്തനോദ്ഘാടനം നടുവട്ടം ഗവ. യു.പി. സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിസംരക്ഷണം ജീവിതത്തിൻ്റെ ഭാഗമായി കാണണം. മഹാത്മാഗാന്ധിയുടെ പ്രേരണയാൽ സ്വാതന്ത്ര്യസമരസേനാനികൾ തുടക്കമിട്ട മാതൃഭൂമി പരിസ്ഥിതിസംരക്ഷണത്തിനായി കുട്ടികൾക്ക് മാർഗദർശനം നൽകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. നല്ല നാളേക്കുവേണ്ടി കുട്ടികളെ സജ്ജരാക്കുന്ന സീഡ് പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവർക്ക് പതിറ്റാണ്ടിലേറെയായി അവബോധം നൽകിവരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ എ. സുതീഷ് പറഞ്ഞു. മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു.കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, ഫറോക്ക് എ.ഇ.ഒ. എം.ടി. കുഞ്ഞിമൊയ്തീൻകുട്ടി, ബേപ്പൂർ കൃഷി ഓഫീസർ ഷമാ ബീഗം, സീഡ് 'തനിച്ചല്ല' പദ്ധതി റിസോഴ്സ്  കൺസൾട്ടൻ്റ് ആർ. അപർണ നാരായണൻ, പി.ടി.എ. പ്രസിഡൻ്റ് രാജേഷ് പാലംതൊടി, പ്രധാനാധ്യാപകൻ എ.എം. മനോജ് കുമാർ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ഒ. ശ്രീബ എന്നിവർ സംസാരിച്ചു. സ്‌കൂൾവളപ്പിൽ സീഡിന്റെ 16-ാംവർഷം പ്രമാണിച്ച് 16 ഫലവൃക്ഷത്തൈ നട്ടുള്ള കുട്ടിവനം ഒരുക്കുന്നതിന്റെ ഭാഗമായി 'മല്ലിക' ഇനം മാവിൻതൈ അസിസ്റ്റൻ്റ് കളക്ടർ നട്ടു.

June 06
12:53 2024

Write a Comment