'ഷിൻറിൻ യോകു' - പ്രകൃതിസമ്പർക്ക പരിപാടി സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ് സീഡ് ക്ലബ്ബ്
മടവൂർ:ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ"കൈക്കുമ്പിളിൽ കാക്കാം നമുക്കീ നാട്ടുവനങ്ങളെ" എന്ന സന്ദേശമുയർത്തി പ്രകൃതിസമ്പർക്ക പരിപാടി സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ് സീഡ് ക്ലബ്ബ്. മരങ്ങളെയും വനത്തെയും ജീവിതത്തിലേക്കു ചേർത്തുനിർത്തുന്ന ജപ്പാനീസ് പുനരുജ്ജീവനകലയായ ' 'ഷിൻറിൻ യോകു' ( വന സ്നാനം) എന്ന ബാനറിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
മടവൂർ കളരി ക്ഷേത്രത്തിനനുബന്ധമായുള്ള കാവിൻ്റെ പശ്ചാത്തലത്തിൽ നടന്ന സംഗമം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ബിജുകുമാർ ഉദ്ഘാടനം ചെയ്തു. കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യം, പ്രകൃതിയുടെ പരസ്പരാശ്രയത്വം, കാവുകൾ ശുദ്ധവായുവിൻ്റെയും ജലത്തിൻ്റെയും വറ്റാത്ത സ്രോതസ്സ് തുടങ്ങിയ പ്രകൃതി പാഠങ്ങളെക്കുറിച്ച് കവി മടവൂർ രാധാകൃഷ്ണൻ കുട്ടികളോട് സംവദിച്ചു.കാവും കുളവും വയലും ഒത്തുചേർന്ന പ്രദേശങ്ങൾ ജൈവ വൈവിധ്യത്തിൻ്റെ കലവറയാണെന്നും ആയതിനാൽ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് ജീവൻ്റെ നിലനില്പിന് അനിവാര്യമാണെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
നാലാം ക്ലാസ്സിലെ പരിസര പഠനത്തിലെ വയലും വനവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള പുറം വാതിൽ പഠനത്തിൻ്റെ ഭാഗമായി കൂടിയാണ് 'ഷിൻറിൻ യോകു' സംഘടിപ്പിച്ചത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'ഷിൻറിൻ യോകു' എന്ന പുസ്തകം കുമാരി വിസ്മയ പരിചയപ്പെടുത്തി. ആതിര പ്രതീഷ് പ്രകൃതി ഗീതങ്ങൾ ആലപിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം കുട്ടികൾ കാവും പരിസരവും സന്ദർശിച്ചു. പ്രകൃതിസംരക്ഷണം തീമാക്കി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. പി.ടി.എ പ്രസിഡൻ്റ് സജിത്ത് മടവൂർ അധ്യക്ഷത വഹിച്ചു . ക്ഷേത്ര പ്രസിഡൻ്റ് ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് അമ്പിളി.കെ, എസ്.അശോകൻ എന്നിവർ ആശംസകൾ നേർന്നു.കുമാരി രോഹിണി സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത.കെ.എൽ. നന്ദിയും പറഞ്ഞു
July 31
12:53
2024