SEED News

‘നാടിനെ അറിയാം, പ്രകൃതിയെ അറിയാം’ യാത്ര നടത്തി


വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി ആർദ്രം സീഡ് ക്ലബ്ബും ജൈവവൈവിധ്യ ക്ലബ്ബും ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുമായി ചേർന്ന് ‘നാടിനെ അറിയാം, നാട്ടിലെ പ്രകൃതിയെ അറിയാം’ യാത്ര നടത്തി. കൃഷ്ണപുരത്ത് മലയൻകനാൽ തീരത്ത് നാട്ടുമാവിൻതൈ നട്ട് കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ ഉദ്ഘാടനം ചെയ്തു. 
കുട്ടികൾ ചരിത്രബോധമുള്ള, പ്രകൃതിസ്നേഹമുള്ള, നിരീക്ഷണപാടവമുള്ളവരായി വളരാൻ ലക്ഷ്യമിട്ട് കൃഷ്ണപുരം ശങ്കർ മ്യൂസിയം, ജില്ലയിലെ പ്രധാനപ്പെട്ട ജൈവവൈവിധ്യ കലവറയായ തെക്കൻകാവ് എന്നിവിടങ്ങൾ സീഡ് ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു. സൊസൈറ്റി സെക്രട്ടറി അശോകൻ പദ്ധതി വിശദീകരിച്ചു. 
‘ഓണാട്ടുകരയുടെ ചരിത്രം’ എന്ന വിഷയത്തിൽ പുരാവസ്തുവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ഹരികുമാർ ക്ലാസെടുത്തു. രാജി പ്രേംകുമാർ, ആശാരാജ്, ബി. രവീന്ദ്രൻ, സീഡ് ക്ലബ്ബ് കോഡിനേറ്റർ ആർ. രാജേഷ്, ജോസഫ് ചേപ്പാട് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിവിദ്യാഭ്യാസ പ്രവർത്തകനായ അശോകൻ നാട്ടിലെ നൂറോളം ഔഷധസസ്യങ്ങളും തെക്കൻകാവിലെ അപൂർവ സസ്യവൈവിധ്യവും കൗതുകകരമായ നാട്ടറിവുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

September 04
12:53 2024

Write a Comment