ലോകനാളികേര ദിനാഘോഷവും ഭക്ഷ്യമേളയും
ഒറ്റപ്പാലം: ഒറ്റപ്പാലം എൽ.എസ്.എൻ.ജി. എച്ച്.എസ്.എസ് പച്ചില തണൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകനാളികേര ദിനാഘോഷവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജെസി പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള സീഡ്ക്ലബ് അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി വന്ന 350 ഓളം വരുന്ന വ്യത്യസ്ത വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.നാളികേര വിഭവങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ"വിഭവപൂക്കളം " ഏറെ കൗതുകം ഉണർത്തി. യുപി, ഹൈസ്കൂൾ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും പിന്തുണയും സാന്നിധ്യവും മേളയ്ക്ക് കരുത്തേകി. നാളികേരത്തിന്റെ പ്രാധാന്യവും ഉപയോഗവും കുട്ടികൾക്കിടയിൽ തിരിച്ചറിയാൻ മേള സഹായകരമായെന്ന് പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു.ലോക നാളികേര ദിനത്തിൻറെ ആവശ്യകതകൾ ക്ലബ് അംഗങ്ങൾ പ്രസംഗ രൂപേണ അവതരിപ്പിച്ചു .നാളികേരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനവും സ്കൂളിൽ വെച്ച് നടന്നു.