സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്
സമൂഹത്തിനായി കരുതലോടെ സീഡ് ക്ലബ്ബ്
മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് അംഗങ്ങൾ കാർഷികോത്പന്നങ്ങളുമായി
കോഴിക്കോട്: കുട്ടികളിലൂടെ സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കാന് പറ്റുമെന്ന് ഓര്മിപ്പിച്ച മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് ജില്ലയിലെ സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം. കൃഷി, ജലസംരക്ഷണം, ശുചീകരണം, വേദനിക്കുന്നവര്ക്ക് കൈത്താങ്ങാകല് തുടങ്ങി സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും ഇറങ്ങിയുള്ള പ്രവര്ത്തനമാണ് സ്കൂള് നടത്തിയത്.
ഓരോ നാമ്പും നാളേക്കുള്ള പ്രതീക്ഷയാണെന്ന് സ്കൂളിലെ സീഡ് കുട്ടികള്ക്കറിയാം. അതിന്റെ തുടക്കമാണ് പഴയ കതിര് പുതിയ കൈകളില് പദ്ധതി. അന്യംനിന്നുപോയ അപൂര്വയിനമായ മരത്തൊണ്ടിയെന്ന കരനെല്ലാണ് കുട്ടികള് വിളവെടുത്തത്. ഇതിനുപുറമെ രക്തശാലി നെല്ലും കൃഷി ചെയ്തു. വലിയ തോതില് പച്ചക്കറി കൃഷി ചെയ്തു, മീന് വളര്ത്തി. കപ്പ(100 കിലോ), തക്കാളി(10 കിലോ), വഴുതന(100 കിലോ), മുരിങ്ങ(25 കിലോ), ഇലക്കൃഷി(50 കിലോ), പച്ചമുളക്(10 കിലോ), കോവല്(25 കിലോ), പയര്(20 കിലോ) എന്നിങ്ങനെ പോകുന്നു പച്ചക്കറി കൃഷി. വീടുകളില് 50 മധുരവനം ഒരുക്കി. രാമച്ച വേലിയൊരുക്കിയും 200 മുളന്തൈകള് വീടുകളിലേക്ക് നല്കിയും മണ്ണിനെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്കി.
സ്കൂളുകളിലും വീടുകളിലും മഴക്കുഴി നിര്മിക്കാന് മഴക്കുഴി ചലഞ്ച് നടത്തി. 200 മഴക്കുഴികളാണ് ഉണ്ടാക്കിയത്. അതുപോലെ തുഷാരഗിരിയില് മഴക്കൂട്ടം ക്യാമ്പും നടത്തി. മാലിന്യം വലിച്ചെറിയല്ലേ പ്രചരണത്തിന്റെ ഭാഗമായി അഞ്ചിടങ്ങള് ശുചീകരിച്ച് പൂന്തോട്ടമൊരുക്കി. സീഡ് റിപ്പോര്ട്ടര്മാര് തയ്യാറാക്കിയ വാര്ത്തകളും ഫലം കണ്ടു. വഴിയോരത്ത് മാലിന്യം വലിച്ചെറിയുന്ന കാര്യത്തിലും റോഡുകള് തകര്ന്ന സംഭവത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായി. റോഡ് ടാറിങ്ങിന് അനുമതിയായി, മാലിന്യം നീക്കി.
പ്ലാസ്റ്റിക് കുപ്പികള് ശേഖരിച്ച് ക്രിസ്മസ് ട്രീയൊരുക്കുകയും അത് പുന:ചംക്രമണത്തിന് നല്കുകയും ചെയ്തു. പ്ലാസ്റ്റിക്കിന് ബദലായി മുളയുല്പന്നം പ്രോത്സാഹിപ്പിക്കാന് കുട്ടനെയ്ത്തുകാരില്നിന്ന് ഉല്പന്നങ്ങള് ശേഖരിച്ച് വിറ്റു. വിദ്യാര്ഥികള് മരുന്ന് കവര് നിര്മിച്ച് പാലിയേറ്റീവിന് നല്കി. പാഴ് വസ്തുക്കളില്നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കി. ബഡ്സ് സ്കൂളുകളില് ക്രിസ്മസ് കാര്ഡുണ്ടാക്കി നല്കി. കടലാസ് പേനയും നക്ഷത്രങ്ങളും നിര്മിച്ചു വില്പന നടത്തി.
ഓരോ ചെറുസഹായവും വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഇവർക്കറിയാം. ഒരു ദിവസം ഒരു രൂപ പദ്ധതിയിലൂടെ ശേഖരിച്ച തുകയിലൂടെ അഞ്ച് കുടുംബങ്ങള്ക്ക് 500 രൂപ വീതം പെന്ഷന് നല്കുന്നു. മുണ്ടക്കൈ - ചൂരല്മല ദുരിതബാധിതര്ക്ക് കൈത്താങ്ങേകി. കഴിഞ്ഞ വര്ഷത്തെ ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരത്തുക 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയും നാടിനായി നമ്മളുണ്ടെന്ന് കുട്ടികള് പ്രഖ്യാപിച്ചു.
പത്രവായനയെ പ്രോത്സാഹിപ്പിക്കാന് ക്വിസ്, പൊതുസ്ഥലങ്ങളില് പുസ്തകക്കൂടുകള്, എല്ലാ മാസവും രണ്ടാം ശനിയാഴ്ച നോ ഗാഡ്ജറ്റ് ഡേ, മൊബൈല് ഫോണിലേക്കൊതുങ്ങുന്ന കുട്ടികളെ വായനയിലേക്ക് നയിക്കാന് വായനയാക്കാം ലഹരി ക്യാമ്പയിന് തുടങ്ങി കൂട്ടുകാര്ക്കായും അവര് സമയം കണ്ടെത്തി. പഴയകാല കാര്ഷികോപകരണങ്ങള്, നാണയം, ചീനഭരണി, വീട്ടുപകരണങ്ങള് എന്നിവയെല്ലാം അടുത്തറിഞ്ഞുള്ള പൈതൃകയാത്രയിലൂടെ അവര് പറഞ്ഞത് ഇതെല്ലാം നമ്മുടെ സമ്പത്താണെന്നാണ്.
ജില്ലയില് ഒന്നാമതെത്തുന്ന സ്കൂളിന് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്ക്കാരം നല്കും. വിദ്യാഭ്യാസ ജില്ലാ തലത്തില് ഹരിത വിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാലങ്ങള്ക്ക് 15000, 10000, 5000 രൂപയും പ്രശസ്തിപത്രവും നല്കും. ഹരിത മുകുള പുരസ്കാരം നേടിയ മികച്ച എല്പി സ്കൂളിന് 5000 രൂപ നല്കും. മികച്ച അധ്യാപക കോ ഓര്ഡിനേറ്റര്മാര്ക്ക് 5000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ജില്ലയില് മികച്ച രീതില് ലഹരി വിരുദ്ധ പ്രവര്ത്തനം നടത്തിയ വിദ്യാലയങ്ങള്, 'പഴയ കതിര് പുതിയ കൈകളില് പദ്ധതി', 'എന്റെ നാടിന്റെ പൈതൃകം' എന്നീ പദ്ധതിയുടെ ഭാഗമായും മികച്ച പ്രവര്ത്തനം നടത്തിയ വിദ്യാലയങ്ങള്ക്ക് ക്യാഷ് അവാര്ഡും പ്രശസ്തി പത്രവും ലഭിക്കും. ജെം ഓഫ് സീഡ് , സീഡ് റിപ്പോര്ട്ടര്, ഹരിത ജ്യോതി പുരസ്കാരം നേടുന്നവര്ക്ക് പ്രശംസാപത്രവും നല്കും. ഫെഡറല്ബാങ്കുമായി സഹകരിച്ചാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ വിജയികള്
ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം
മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയാ ഇംഗ്ലീഷ് സ്കൂള്
കോഴിക്കോട് ഹരിതവിദ്യാലയ പുരസ്കാരം
1. നടുവട്ടം ജിയുപിഎസ്
2. കൊടല് ജിയുപിഎസ്
3. മാവൂര് ജിഎംയുപിഎസ്
ഹരിതജ്യോതി പ്രശംസാപത്രം
* പുതിയറ ബിഇഎംഎയുപി സ്കൂള്
* പെരുമുഖം നല്ലൂര് ഈസ്റ്റ് എയുപി സ്കൂള്
* പുതിയങ്ങാടി ബിഇഎംയുപിഎസ്
* മാവിളിക്കടവ് എംഎസ്എസ് പബ്ലിക് സ്കൂള്
* ചേവായൂര് പ്രസന്റേഷന് ഹയര്സെക്കന്ഡറി സ്കൂള്
* കുണ്ടുപറമ്പ് ഗവ ഹയര്സെക്കന്ഡറി സ്കൂള്
* പന്തീരാങ്കാവ് സരസ്വതി വിദ്യനികേതന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്
* നടക്കാവ് ഗവ ഗേള്സ് വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂള്
വടകര വിദ്യാഭ്യസജില്ല ഹരിതവിദ്യാലയ പുരസ്കാരം
1. മൂടാടി വീമംഗലം യുപിഎസ്
2. ആന്തട്ട ജിയുപിഎസ്
3. വൈക്കിലശേരി യുപി സ്കൂള്
ഹരിതജ്യോതി പുരസ്കാരം
* അയ്യനിക്കാട് വെസ്റ്റ് യു പി സ്കൂള്
* വട്ടോളി സംസ്കൃതം ഹൈസ്കൂള്
* വട്ടോളി നാഷണല് എച്ച്എസ്എസ്
* വേളൂര് ജിഎംയുപി സ്കൂള്
* ഓര്ക്കാട്ടേരി കെകെഎംജിവിഎച്ച് എസ്എസ്
* കൊയിലാണ്ടി ബിഇഎംയുപിഎസ്
* വട്ടോളി ഹൈടെക് പബ്ലിക് സ്കൂള്
* ചിങ്ങപുരം വന്മുഖം എളമ്പിലാട് എംഎല്പി സ്കൂള്
താമരശ്ശേരി വിദ്യാഭ്യസജില്ല ഹരിതവിദ്യാലയ പുരസ്കാരം
1. തൃക്കുറ്റിശ്ശേരി ജിയുപിസ്കൂള്
2. കൊടിയത്തൂര് വാദി റഹ്മാ ഇംഗ്ലീഷ് സ്കൂള്
3. വിളക്കാംതോട് എംഎഎംഎല്പി ആന്ഡ് യുപി സ്കൂള്
ഹരിതജ്യോതി പുരസ്കാരം
* ഉള്ളിയേരി എയുപിഎസ്
* പേരാമ്പ്ര ഒലിവ് പബ്ലിക് സ്കൂള്
* കായണ്ണ ജിയുപി സ്കൂള് * ജി.എം.യു.പി സ്കൂള് പൂനൂര്
* പാലങ്ങാട് എംഇഎസ് സെന്ട്രല് സ്കൂള്
* കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യല് സ്കൂള്
* എരവന്നൂര് എഎംഎല്പി സ്കൂള്
ഹരിതമുകുളം പുരസ്കാരം
പുല്ലാളൂര് എഎല്പിഎസ്
കോടഞ്ചേരി സെയ്ന്റ് ജോസഫ് എല്പിഎസ്
ഹരിതമുകുളം പ്രോത്സാഹനം
* കൈനാട്ടി ബ്ലോസംസ് ഇംഗ്ലീഷ് സ്കൂള്
* പൊന്നങ്കയം എസ്എന്എം എഎല്പി സ്കൂള്
* അന്നശ്ശേരി ജിഎല്പി സ്കൂള്
* കാര്ത്തികപ്പള്ളി നോര്ത്ത് എല്പി സ്കൂള്
* ചെറുകാട് കെവിഎഎല്പി സ്കൂള്
* ചെറുവണ്ണൂര് എഎല്പി സ്കൂള്
* മേരിക്കുന്ന് സെയ്ന്റ് ഫിലോമിനാസ് എഎല്പിഎസ്
ബെസ്റ്റ് ടീച്ചര് കോര്ഡിനേറ്റര് പുരസ്കാരം
കോഴിക്കോട് വിദ്യാഭ്യാസജില്ല - യു. പി. വിജിന (പന്തീരാങ്കാവ് സരസ്വതി വിദ്യനികേതന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്)
വടകര - കെ. കെ. വിജി (അയ്യനിക്കാട് വെസ്റ്റ് യുപി സ്കൂള്)
താമരശ്ശേരി - ഫാ. റെജി കോലാനിയ്ക്കല് (മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂള്)
ജെം ഓഫ് സീഡ് പുരസ്കാരം
കോഴിക്കോട് വിദ്യാഭ്യാസജില്ല - എസ്. നിതാര (അന്നശ്ശേരി ജിഎല്പിസ്കൂള് )
വടകര - എസ്.ആര്. ലിയോണ്ജിത്ത് (മൂടാടി വീമംഗലം യുപിഎസ്)
താമരശ്ശേരി - സെബിന് ബെന്നി (വിളക്കാംതോട് എംഎഎം എല്പി ആന്ഡ് യുപി സ്കൂള്)
മികച്ച ലഹരിവിരുദ്ധ പ്രവര്ത്തനം
* കുന്ദമംഗലം ഓക്സിലിയം നവജ്യോതി സ്കൂള്
* മാവിളിക്കടവ് എംഎസ്എസ് പബ്ലിക് സ്കൂള്
* പൊന്നങ്കയം എസ്എന്എം എഎല്പി സ്കൂള്
സീഡ് റിപ്പോര്ട്ടര്
* എം. കെ. ഋതുലക്ഷ്മി (കൊയിലാണ്ടി ബിഇഎംയുപിഎസ്)
* പി. കെ. മുഹമ്മദ് അശ്ഹര്(പുല്ലാളൂര് എഎല്പിഎസ്)
പഴയ കതിര് പുതിയ കൈകളില്
* തൃക്കുറ്റിശ്ശേരി ജിയുപി സ്കൂള്
* കൊടിയത്തൂര് വാദി റഹ്മാ ഇംഗ്ലീഷ് സ്കൂള്
എന്റെ നാടിന്റെ പൈതൃകം
* വൈക്കിലശേരി യുപിസ്കൂള്
* വിളക്കാംതോട് എംഎഎം എല്പി ആന്ഡ് യുപി സ്കൂള്