environmental News

അഗസ്ത്യമല യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡല ശൃംഖലയില്‍

ലിമ(പെറു): പശ്ചിമഘട്ടത്തിലെ 'അഗസ്ത്യമല'യ്ക്ക് യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി. ഇതുള്‍പ്പെടെ ലോകത്തെ 20 അപൂര്‍വജൈവ മേഖലകളെ ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന-യുനെസ്‌കോ സംരക്ഷിത ജൈവമണ്ഡലശൃംഖലയുടെ ഭാഗമായി പ്രഖ്യാപിച്ചു.
ലോകത്തെ വന്‍ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണ് അഗസ്ത്യമലയെന്ന് പെറുവിലെ ലിമയില്‍ ചേര്‍ന്ന യുനെസ്‌കോ യോഗം വിലയിരുത്തി.
 
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് അഗസ്ത്യമല എന്ന അഗസ്ത്യാര്‍കൂടം മലനിരകള്‍. ചെന്തരുണി, പെപ്പാറ, നെയ്യാര്‍, തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്‍തുറ കടുവ സംരക്ഷണ കേന്ദ്രം എന്നീ നാലു വന്യജീവി സംരക്ഷണകേന്ദ്രങ്ങള്‍ ഇതിന്റെ ഭാഗമാണ്.

തദ്ദേശീയമായ 400 എണ്ണം ഉള്‍പ്പെടെ 2,254 ജീവിവര്‍ഗങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഇവയില്‍ പലതും നാശോന്മുഖമാണ്. സമുദ്രനിരപ്പില്‍ നിന്ന് 1,868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമലയുടെ സവിശേഷതകളിലൊന്ന്. പ്രാക്തന വിഭാഗങ്ങളില്‍പ്പെടുന്ന 3,000-ത്തോളം പേരാണ് ഇവിടെ പ്രകൃതിയുമായി സഹവസിച്ച് ജീവിക്കുന്നത്. 2001-ലാണ് അഗസ്ത്യകൂടത്തെ സംരക്ഷിത ജൈവ കേന്ദ്രമായി പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ 18 സംരക്ഷിത ജൈവമേഖലകളാണുള്ളത്. ഇതില്‍ നീലഗിരി, നന്ദാദേവി, നോക്രെക്, ഗള്‍ഫ് ഓഫ് മാന്നാര്‍, സുന്ദര്‍ബന്‍, ഗ്രേറ്റ് നികോബര്‍ എന്നീ ഒന്‍പത് മേഖലകള്‍ മാത്രമാണ് യുനെസ്‌കോയുടെ ജൈവമണ്ഡല ശൃംഖലയിലുള്ളത്.

വാര്‍ത്ത : മാതൃഭൂമി
വീഡിയോ : Cabnet Ponkunnam

March 29
12:53 2016

Write a Comment