environmental News

ജിറാഫുകളും വംശ നാശത്തിലേക്കോ?




ഈ ചോദ്യം തന്നെ നിങ്ങളെ അത്ഭുതപെടുത്തിയേക്കാം. കാരണം നാം ഒരിക്കലും ആലോചിച്ചിട്ടേ ഉണ്ടാവില്ല ജിറാഫുകളുടെ വംശനാശത്തെക്കുറിച്ചോ സംരക്ഷണത്തെക്കുറിച്ചോ. എന്നാല്‍ ജന്തു ലോകത്തെ ഈ 'പാവം ഭീമനായ' ജിറാഫുകളുടെ എണ്ണത്തില്‍ അവഗണിക്കാനാവാത്ത കുറവ് വരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 21 നു നാം അറിയാതെ കടന്നു പോയ ലോക ജിറാഫ് ദിനത്തില്‍ പുറത്തുവന്ന കണക്കുകള്‍ക്കനുസരിച് ആഫ്രിക്കയിലെ ജിറാഫുകളുടെ എന്നതില്‍ അപകടകരമാം വിധം കുറവ് വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിലും അപകടകരമായ കാര്യം ആരും ഈ കാര്യത്തെക്കുറിച്ചു അറിയുവാനോ പഠിക്കുവാനോ ശ്രമിക്കുന്നില്ല എന്നതാണ്.


കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഫ്രിക്കയിലെ ജിറാഫുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവാണ് വന്നിരിക്കുന്നത്. 80000 നും 90000 ഇടയിലാണ് ഇപ്പോള്‍ ആഫ്രിക്കയിലെ ജിറാഫുകളുടെ എണ്ണം. ജിറാഫ് കോണ്‍സെര്‍വഷന്‍ ഫൗണ്ടേഷന്‍ അഭിപ്രായത്തില്‍ ജിറാഫുകള്‍ ഒരു 'നിശബ്ദ' വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജിറാഫ് സംരക്ഷണം ഒരിക്കലും ഒരു ഗൗരവ പ്രശ്‌നമായി ആരും കാണുന്നില്ല എന്നത് ഈ അപകടത്തിന് ആക്കം കൂട്ടുന്നു. പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരും സംഘടനകളും ആഫ്രിക്കന്‍ കാണ്ടാമൃഗങ്ങള്‍ക്കും ആനകള്‍ക്കും നല്‍കുന്ന പ്രാധാന്യം ഈ നീളന്‍ കഴുത്തുകാര്‍ക്കു കൊടുക്കുന്നില്ല എന്നതാണ് സത്യം. ആഫ്രിക്കന്‍ ആനകളുടെ എണ്ണം ജിറാഫുകളുടെ എണ്ണത്തേക്കാള്‍ 5 മടങ്ങിലധികമാണ് എന്നിരിക്കെയാണ് ഈ അവഗണന എന്നതാണ് വിരോധാഭാസം. ആവാസ വ്യവസ്ഥകളുടെ നാശവും അനധികൃത വേട്ടയും ജിറാഫുകളുടെ നിലനില്‍പ്പിനു ഭീഷണിയാണ്. 5 .7 മീറ്ററോളം ഉയരം വെക്കുന്ന ഇവയുടെ ആകാരവും ശാന്ത സ്വഭാവരീതികളും ജിറാഫുകളെ എളുപ്പം ഇരയാക്കാന്‍ കാരണമാകുന്നു എന്നു ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍ പറയുന്നു.


ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ജിറാഫ് സംരക്ഷണം പ്രാധാന്യം നേടുകയും ഭരണാധികാരികള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യൂ. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ആഫ്രിക്കന്‍ രാജ്യമായ നൈജര്‍. നാഷണല്‍ ജ്യോഗ്രഫിക് കണക്കു പ്രകാരം തൊണ്ണൂറുകളില്‍ രാജ്യത്തു  വെറും 50 ജിറാഫുകള്‍ അവശേഷിച്ച അവസ്ഥയില്‍ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ നാലു മടങ്ങു ജിറാഫുകളാണ് നൈജറില്‍ ഇന്ന് സംരക്ഷിക്കപ്പെടുന്നത്. ഐ യു സി എന്‍ കണക്കുപ്രകാരം ജിറാഫുകളെ 'ലീസ്‌റ് കണ്‌സേര്‌ന്' വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ പുനഃ പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് പ്രകൃതിസ്‌നേഹികള്‍ ഉയര്‍ത്തുന്ന വാദം. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവ അര്‍ഹിക്കുന്ന പരിഗണന നല്‍കിയാല്‍ മാത്രമേ അവയെ നമുക്ക് സംരക്ഷിക്കാനാകൂ. നമ്മുടെ അശ്രദ്ധ ഈ പാവം ഭീമന്‍മാരെ നാശത്തിന്റെ വക്കിലെത്തിക്കാതെ നമുക്ക് നോക്കാം.


June 25
12:53 2016

Write a Comment