reporter News

മാലിന്യമെറിയരുതേ ഞങ്ങൾക്ക് പഠിക്കണം

കോട്ടയം: മാലിന്യം വലിച്ചെറിയുന്നവരുടെ കണ്ണു തുറക്കുവാനാണ് ഈ വാർത്ത. മാലിന്യം വലിച്ചെറിയുന്നത് മൂലം ഞങ്ങളുടെ പഠനം മുടങ്ങുകയാണ് ഇപ്പോൾ. കഞ്ഞിക്കുഴി മൗണ്ട് കാർമേൽ സ്‌കൂളിന്റെ ഭിത്തിയോട് ചേർന്നാണ് ഈ മാലിന്യക്കൂമ്പാരം. കഴിഞ്ഞ വർഷവും ഞങ്ങൾക്ക് ഇതേ അനുഭവം ഉണ്ടായി. അന്ന് നഗരസഭാ അധികൃതർ താൽക്കാലികമായി ആ പ്രശ്നം പരിഹരിച്ചിരുന്നു. 
ഈ അധ്യയന വർഷത്തിലും മാലിന്യം തള്ളുന്നതു തുടരുന്നു. ഇതു മൂലം സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്കാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. മാലിന്യത്തിൽ നിന്നും ഉയരുന്ന കടുത്ത ദുർഗന്ധം, ഈച്ച, കൊതുക് എന്നിവമൂലം ഞങ്ങൾ വിദ്യാർഥിനികൾക്ക് സമാധാനമായി പഠിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. ക്ലാസ്സിൽ ശ്രദ്ധിക്കാനും ഉച്ചഭക്ഷണം കഴിക്കാനും ഈ അസഹ്യമായ ദുർഗന്ധം ശല്യമായിരിക്കുകയാണ്. സമീപവാസികളും കാൽനട യാത്രക്കാരും മാലിന്യ നിക്ഷേപത്തിന്റെ ദുരന്തം അനുഭവിക്കുന്നവരാണ്. 
ഈ പൊതു വിപത്തിനെതിരെ നടപടി എടുക്കേണ്ടത് അത്യാവശ്യമാണ്. പൊതുഇടങ്ങളെ മാലിന്യകേന്ദ്രങ്ങളാക്കുന്നതിനെതിരെ പ്രതികരിക്കാനാണ് ഞങ്ങൾ വിദ്യാർത്ഥിനികളുടെ തീരുമാനം. ഇതിന്റെ തുടക്കമെന്ന രീതിയിൽ സീഡ് ക്ലബ്ബിന്റെയും വിദ്യാർത്ഥിനികളുടെയും നിവേദനം നഗരസഭക്ക് സമർപ്പിച്ചിട്ടുണ്ട്. സ്‌കൂൾ പ്രധാനാധ്യാപിക സി. ശിൽപ, പി ടി എ പ്രെസിഡന്റ് ഗോപകുമാർ, സീഡ് ടീച്ചർ കോർഡിനേറ്റർ മേരി ലിമ എന്നിവരുടെ ശക്തമായ പിന്തുണയും ഞങ്ങൾക്കൊപ്പമുണ്ട്.
അക്ഷര നഗരി എന്ന പേരിൽ പ്രസിദ്ധമായ കോട്ടയം മാലിന്യ നഗരിയായി മാറുമ്പോൾ അക്ഷരാഭ്യാസം ബുദ്ധിമുട്ടിലാകുകയാണ്. ഈ വിപത്തിനെതിരെ ഉടനെ നടപടി ഉണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

അശ്വിനി എം ആർ 
സീഡ് റിപ്പോർട്ടർ 
ക്ലാസ്സ് 10 
മൗണ്ട് കാർമേൽ ജി എച്ച് എസ് എസ് 
കഞ്ഞിക്കുഴി 

July 11
12:53 2016

Write a Comment