reporter News

മുളങ്കാടുകള്‍ ഇവിടെ ജനിക്കുന്നു





കല്ലടയാറിന്‍ തീരത്തെ മുളങ്കൂട്ടത്തിന്റെ മര്‍മ്മരശബ്ദള്‍ കേട്ടാണ് കുഞ്ഞുനാളില്‍ ഞാന്‍ ഉറക്കമുണര്‍ന്നിരുന്നത്. ആറ്റുമീനുകളെ ഭക്ഷിക്കുന്നതിനായി മുളങ്കൂട്ടത്തില്‍ ഒളിച്ചിരിക്കുന്ന പൊന്മാന്‍, പരുന്ത്, കലപില ശബ്ദമുണ്ടാക്കുന്ന വവ്വാലുകള്‍ എല്ലാം ഇന്ന് പ്രദേശത്തുനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളില്‍ക്കൂടി ഒഴുകുന്ന കല്ലടയാറിന്റെ ഇരുതീരവും ഒരുപോലെ മുള നിറഞ്ഞതായിരുന്നു.
കല്ലടയാറ് ഒരു കാലത്ത് മുളയാറായിരുന്നു. ആറ്റില്‍ കുളിക്കുന്നതിനിടെ ഒലിച്ചുപോയാല്‍ മുളന്തണ്ടുകള്‍ രക്ഷകരായി എത്താറുണ്ട്. എന്നാല്‍, ഇന്ന് സ്ഥിതി മാറി. മണല്‍വാരല്‍ എല്ലാം തകിടംമറിച്ചുകഴിഞ്ഞു. ആറ് മണല്‍ വാരിയ കയങ്ങളാണ്, രക്ഷയ്ക്കായി മുളയുമില്ല. കാലവര്‍ഷകാലത്ത് മുളങ്കൂട്ടം ആറ്റിലേക്ക് പിഴുതുവീഴുന്ന ശബ്ദം കേള്‍ക്കാം, വേരുകള്‍ പിടിച്ചുനിറുത്തിയിരുന്ന മണ്ണ് മുളയോടൊപ്പം ആറ്റില്‍ പതിക്കുന്ന കാഴ്ച വേദനാജനകമാണ്.
മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന മുളങ്കാടുകളെ തിരിച്ചുകൊണ്ടുവരാന്‍ താമരക്കുടി, ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് കൂട്ടത്തിന്റെ നേതൃത്വത്തില്‍ മുളംതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതി നടന്നുവരുന്നു. കഴിഞ്ഞവര്‍ഷം ഉത്പാദിപ്പിച്ച പതിനായിരം തൈകള്‍ കുളക്കട ഗ്രാമപഞ്ചായത്തിന് നല്‍കി. ഇക്കൊല്ലം ഉത്പാദിപ്പിച്ച പതിനായിരത്തിലേറെ തൈകള്‍ ശാസ്താംകോട്ട തടാകതീരത്ത് നടാനായി ശാസ്താംകോട്ട ജോയിന്റ് ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് സമിതിക്ക് കൈമാറി.
സ്‌കൂളിലെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച്, വേനലവധിക്കാലത്താണ് മുളവിത്തുകള്‍ പാകുക. പരിപാലനവും പരിചരണവും നനയ്ക്കലും എല്ലാം വിദ്യാര്‍ഥികള്‍ സ്വമേഥയാ ഏറ്റെടുത്താണ് പദ്ധതി നടത്തിപ്പ്. വനം വകുപ്പിന്റെ കീഴില്‍ സാമൂഹികവനവത്കരണ വിഭാഗത്തിന്റെ സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള സഹായങ്ങളുണ്ടെങ്കില്‍ പദ്ധതി വിപുലപ്പെടുത്താന്‍ സാധ്യമായേനെ.

പി. അതുല്‍, സീഡ് റിപ്പോര്‍ട്ടര്‍, ശിവവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, താമരക്കുടി.

July 19
12:53 2016

Write a Comment