reporter News

ഇനിയെങ്കിലും അധികാരികള്‍ കണ്ണ് തുറക്കുമോ ?


കൊട്ടാരക്കര: നിലവാരപ്പെട്ട വിദ്യാഭ്യാസത്തിനും അച്ചടക്കത്തിനും കേള്‍വികേട്ട സ്ഥലമാണ് കൊട്ടാരക്കര വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിക്കാന്‍ പോകുന്ന തലമുറകളെ വാര്‍ത്തെടുക്കുവാനായി പേരു കേട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഗമ സ്ഥലം കൂടിയാണിവിടം. അതുകൊണ്ട് തന്നെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനകേന്ദ്രം എന്ന രീതിയില്‍ കൊട്ടാരക്കര തെരഞ്ഞെടുക്കുന്നു.
വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൊണ്ട് സമ്പന്നമായ കൊട്ടാരക്കരയിലേക്ക് എത്തിച്ചേരുന്ന കുട്ടികള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ പറഞ്ഞറിയിക്കുവാന്‍ കഴിയുന്നതല്ല. കൊട്ടാരക്കരയുടെ പ്രാന്തപ്രദേശങ്ങളായ പ്ലാപ്പള്ളി, സദാനന്ദപുരം, പനവേലി, വാളകം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ധാരാളമായി കുട്ടികള്‍ പഠനത്തിനായി കൊട്ടാരക്കരയില്‍ എത്തിച്ചേരുന്നത്. സ്‌കൂളുകളിലും കോളേജുകളിലും പോകാന്‍ യാതൊരു യാത്രാസൗകര്യവും ഇവിടെ ലഭിക്കുന്നില്ല. രാവിലെ ഏതു വിധേനയും സ്‌കൂളില്‍ എത്തിച്ചേരുന്ന കുട്ടികള്‍ വൈകുന്നേരം ഏറെ വൈകിയാലും വീട്ടിലെത്താന്‍ ആകാതെ വിഷമിക്കുകയാണ്. ഏകദേശം 4.15 ഓടെ സ്റ്റാന്റ് വിടുന്ന കൊട്ടാരക്കര - പ്ലാപ്പള്ളി - വാളകം റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സി. ബസായിരുന്നു കുട്ടികളുടെ ഏക ആശ്രയം. അതാകട്ടം കഴിഞ്ഞ വര്‍ഷത്തിന്റെ പകുതിയോടെ നിര്‍ത്തലാക്കുകയും ചെയ്തു. ഇപ്പോഴുള്ളത് 5 മണിയോടെ ഉള്ള സ്വകാര്യ ബസ് മാത്രമാണ്. ഇതിലാകട്ടെ തീപ്പെട്ടക്കൂടില്‍ കൊള്ളികള്‍ അടുക്കി വച്ചതുപോലെയാണ് കുട്ടികള്‍ യാത്ര ചെയ്യുന്നത്. ഫുഡ്‌ഫോര്‍ഡിലെ ഏറ്റവും താഴത്തെ പടിയാണ് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് പോലും ആശ്രയം. വീട്ടില്‍ തിരിച്ചെത്തുന്നതു വരെ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ തീ തിന്നുകയാണ്. ഈ സ്വകാര്യ ബസിനു തൊട്ടു പിന്നാലെ തന്നെ ഒരു കെ.എസ്.ആര്‍.ടി.സി. ബസും ഇതേ റൂട്ടില്‍ ഓടുന്നുണ്ട്. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്ന കണ്‍സഷന്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് പോലും കണ്‍സന്‍ഷന്‍ അനുവദിക്കാന്‍ ചില കണ്ടക്ടര്‍മാര്‍ തയ്യാറാകുന്നില്ല. അപകടങ്ങള്‍ അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന ഈ റൂട്ടില്‍ എങ്ങനെയും വീട്ടിലെത്താന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് വേറെ വഴിയില്ലാതാനും. അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും ശേഷമാണല്ലോ അധികാരികള്‍ എപ്പോഴും കണ്ണു തുറക്കാറ് ഭാവിയുടെ വാഗ്ദാനങ്ങളായി വളരുന്ന ഈ പ്രദേശങ്ങളിലെ കുട്ടികളെ ബലി കൊടുക്കാനാണോ ബന്ധപ്പെട്ടവര്‍ കണ്ണുതുറക്കാത്തത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇത്തരം പ്രതിബന്ധങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. ഒരു ദേശത്തെ തന്നെ വിദ്യാഭ്യാസ സ്വപ്‌നങ്ങളെ തകിടം മറിക്കുന്ന ഇത്തരം അനാസ്ഥകള്‍ക്ക് അറുതിയുണ്ടാകണം. എത്രയും വേഗം കെ.എസ്.ആര്‍.ടി.സി. ബസ് പുനഃസ്ഥാപിക്കുകയും മറ്റു ബസുകള്‍ അനുവദിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഒരേയൊരു പോംവഴി. അധികാരികള്‍ ഈ വിഷയത്തില്‍ കണ്ണു തുറക്കുമെന്നു തന്നെയാണ് കുട്ടികളുടെ പ്രതീക്ഷ.
എന്ന്
വിശ്വസ്തതയോടെ
സ്‌റ്റെഫി റെയ്ച്ചല്‍
XA
കാര്‍മല്‍ റെസിഡന്‍ഷ്യല്‍
സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടലാവിള.

July 21
12:53 2016

Write a Comment