environmental News

കര്‍ഷക ദിനത്തില്‍ മാതൃഭൂമി ആര്‍ബറേറ്റത്തിന് സമ്മാനവുമായി കൃഷി മന്ത്രി.

കൊച്ചി: കര്‍ഷക ദിനമായ ചിങ്ങം ഒന്നാം തീയതി കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആലുവയില്‍ 'മാതൃഭൂമി' പരിപാലിക്കുന്ന ആര്‍ബറേറ്റ (മാതൃകാ തോട്ടം) ത്തിലെത്തി. ഇസ്രേലിയന്‍ അത്തി മരത്തിന്റെ തൈയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. അതൊരു വാക്കുപാലിക്കല്‍ കൂടിയായിരുന്നു.

രണ്ടാഴ്ച മുമ്പ് മാതൃകാ തോട്ടം ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി പറഞ്ഞിരുന്നു, തോട്ടത്തില്‍ നടാന്‍ തന്റെ വകയായി ഒരു തൈയുമായി എത്തുമെന്ന്.ആ വാക്കാണ് കര്‍ഷക ദിനത്തില്‍ത്തന്നെ അദ്ദേഹം പാലിച്ചത്. 'ഞാനെന്റെ വാക്കുപാലിച്ചു' എന്നു പറഞ്ഞ് അദ്ദേഹം അത്തിമരത്തൈ പ്രൊഫ. എസ്. സീതാരാമന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ പി. സിന്ധു, സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പി.കെ. ജയചന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി. ആലുവ നഗരസഭ കൗണ്‍സിലര്‍ മനോജ് ജി. കൃഷ്ണനും പങ്കെടുത്തു.
പെരിയാറിന്റെ തീരത്ത് നദീതീര നിയമങ്ങള്‍ ലംഘിച്ച് കെട്ടിയുയര്‍ത്തിയ 'മഴവില്‍ റെസ്റ്റോറന്റ്' പൊളിച്ച സ്ഥലത്താണ് ആര്‍ബറേറ്റം ഒരുക്കിയിട്ടുള്ളത്. നക്ഷത്രവനവും രാശി വൃക്ഷങ്ങളുടെ ശേഖരവും ഔഷധ സസ്യങ്ങളും മറ്റനേകം വൃക്ഷലതാദികളും ചേര്‍ന്നതാണിത്.









August 18
12:53 2016

Write a Comment