reporter News

മാലിന്യം തള്ളാനും എളുപ്പവഴി

പാലക്കാട്   ഭാരതമാത സി.എം.ഐ. പബ്ളിക് സ്കൂൾ സീഡ് റിപ്പോർട്ടർ  ഗൗരിനായർ എഴുതുന്നു


പാലക്കാട്: പാലക്കാട്-കോഴിക്കോട് പാതയിൽ നഗരത്തിലെ കുരുക്കൊഴിവാക്കിപ്പോകാനുള്ള എളുപ്പവഴിയാണ് കൽമണ്ഡപം  -ശേഖരീപുരം ബൈപ്പാസ്. എന്നാൽ, ആ ബൈപ്പാസ് ഇപ്പോൾ മാലിന്യംതള്ളാനുള്ള എളുപ്പവഴിയാക്കിയിരിക്കയാണ്. 
കടിച്ചുകീറുന്ന തെരുവുനായ്ക്കളും പടർന്നുപിടിക്കുന്ന രോഗങ്ങളും മാലിന്യംതള്ളുന്നവരിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്താനും നടപടിയില്ല. 
പാലക്കാട്-കോഴിക്കോട് ബൈപ്പാസിൽ പുത്തൂർ ട്രാഫിക് സിഗ്നലിനടുത്താണ് കാര്യമായി മാലിന്യം കുന്നുകൂടിയത്. ഇത് പൊതുജനങ്ങൾക്ക് പലവിധത്തിലുള്ള സാംക്രമികരോഗങ്ങൾ പിടിപെടാൻ സാധ്യതയേറുന്നു. ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങളിലും ഹോട്ടലുകളിൽനിന്നും മറ്റും വരുന്ന അവശിഷ്ടമാണ് വലിച്ചെറിയുന്നത്. 
കാൽനടയാത്രക്കാരെയാണ് പ്രശ്നം ഏറെ വലച്ചിരിക്കുന്നത്. അവശിഷ്ടത്തിലെ ദുർഗന്ധംമൂലം നടക്കാൻ കഴിയാത്ത അവസ്ഥയാണ്. 
വൻതോതിലുള്ള മാലിന്യം തെരുവുനായ്ക്കൾക്ക് വളരാൻ സഹായകരമാകുന്നു. അടിയന്തരമായി അധികൃതർ ഈ വിഷയത്തിൽ ഇടപെട്ടാലേ മാലിന്യനിർമാർജനം സാധ്യമാകൂ.

August 30
12:53 2016

Write a Comment