environmental News

പൂച്ച സംഗീതം

ശാസ്ത്രജ്ഞനും സെല്ലോ വിദഗ്ദനും ആയ ഡേവിഡ് റ്റിഐയ്ക്കു ഗവേഷണത്തിന് കുറച്ചു പണം വേണം . സ്വതവേ പൂച്ചകളെ അലര്‍ജിയാണ് ഡേവിഡിന് . എന്നാലും തന്‍റെ ശത്രുവിന് വേണ്ടി കുറച്ചു പാട്ടുണ്ടാക്കിക്കളയാം എന്നു വിചാരിച്ചു ഡേവിഡ് . സംഗതി വിജയിച്ചു. പൂച്ച പ്രേമികള്‍ പതിനായിരത്തോളം കോപ്പികള്‍ വാങ്ങുകയും ചെയ്തു. തനിയ്ക്ക് ആവശ്യമുള്ള പണം കിട്ടിയപ്പോള്‍ ഡേവിഡ് പൂച്ച സംഗീതത്തെ കുറിച്ചു മറക്കുകയും ചെയ്തു .

പക്ഷേ യൂണിവേഴ്സല്‍ മ്യൂസിക്ക് കമ്പനി ഡേവിഡിനെ സമീപിച്ചു . ഇക്കൊല്ലം തന്നെ ഒരു പൂച്ച സംഗീത ആല്‍ബം പുറത്തിറക്കണം .  അവസാനം ഡേവിഡുമായി യൂണിവേഴ്സല്‍ മ്യൂസിക്ക് കരാറിലായി. മ്യൂസിക്ക് ഫോര്‍ ക്യാറ്റ്സ് എന്നു താത്കാലികമായി നാമകരണം ചെയ്യപ്പെട്ട സംഗീത ആല്‍ബം ഈ വര്‍ഷം ഒക്ടോബര്‍ 28ഇനു പുറത്തിറങ്ങും .


ഏതാണ് ഡേവിഡിന്‍റെ സംഗീത രഹസ്യം . കക്ഷി തന്‍റെ ഗവേഷണത്തിലൂടെ കണ്ടുപിടിച്ചത് സംഗീതമാക്കി എന്നേയുള്ളൂ . പൂച്ചകള്‍ കുഞ്ഞായിരിക്കുമ്പോള്‍ കേട്ട ശബ്ദങ്ങള്‍ വീണ്ടും കേട്ടാല്‍ ശാന്തരാകുകയും ആ സംഗീതം ആസ്വദിക്കുകയും ചെയ്യും . കുഞ്ഞിലേ കേട്ട അമ്മപ്പൂച്ചയുടെ കുറുങ്ങലുകളും ചെറിയ പക്ഷിയുടെ ശബ്ദങ്ങളും ഒക്കെ പൂച്ച വലുതായാലും ആസ്വദിക്കും . ഇതടങ്ങിയ സംഗീതമാണ് ഡേവിഡിന്റെ പൂച്ച സംഗീതം . ഈ സംഗീതം കേട്ടാലുടനെ പൂച്ചകള്‍ ആ സ്പീക്കറിന്‍റെ അടുത്തു വന്നിരിക്കുകയും ചില പൂച്ചകള്‍ ആ സ്പീക്കറിനെ കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യും . ഇത് കാരണം പൂച്ചകളെ പുനരധിവസിപ്പിക്കുന്ന ഇടങ്ങളില്‍ ഈ സംഗീതം മൂലം ആക്രമകാരികളായ പൂച്ചകളെ പോലും ശാന്തരാക്കുവാനും മനുഷ്യനുമായി പെട്ടെന്ന് ഇണക്കുവാനും സാധിക്കുന്നുണ്ട്. പൂച്ചകളോട് നമുക്ക് സംവേദിക്കുവാനുള്ള ഒരു ഉപാധിയായി സംഗീതത്തെ മാറ്റുവാന്‍ കഴിയുമെന്ന് ഡേവിഡ് പറയുന്നു


എല്ലാ പൂച്ചകളും സംഗീതം ആസ്വദിക്കുന്നുണ്ടോ ? ഇല്ലത്രേ . ചില അരസികന്‍മാരുമുണ്ട് കൂട്ടത്തില്‍ . അവര്‍ ഈ സംഗീതം കേള്‍ക്കുമ്പോള്‍ തന്നെ മുറി വിട്ടു പൊയ്ക്കളയും. മറ്റ് മൃഗങ്ങളും ഇത് പോലെ തന്നെ സംഗീതം ആസ്വദിക്കുന്നുണ്ടാകും എന്നാണ് ഡേവിഡിന്റെ കണക്ക് കൂട്ടല്‍ . എങ്കില്‍ ഉടനെ തന്നെ മ്യൂസിക്ക് ഫോര്‍ പശു , മ്യൂസിക്ക് ഫോര്‍ കാള തുടങ്ങിയവയൊക്കെ വന്നേക്കാം . 

September 09
12:53 2016

Write a Comment