reporter News

പുതുജീവനേകി.... പാടത്തേക്ക് വിത്ത് വിതമഹോത്സവത്തിനായി വിത്ത് വിത




കേരളം ഒരു കാലത്ത് വയലേലകളാല്‍ സമൃദ്ധമായിരുന്നു. മണ്ണില്‍ കിളച്ചും പാടത്ത് പണിയെടുത്തും കേരളീയര്‍ കുടുംബം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മറ്റൊന്നാണ്. ന്യൂതന സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തില്‍ കേരളത്തിന്റെ സംസ്‌ക്കാരം തന്നെ തകിടം മറിഞ്ഞു എന്നതൊരു സത്യം. വയലേലകളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കേരളത്തിന്റെ തനത് സൗന്ദര്യവും, സംസ്‌ക്കാരവും തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തെ മുന്‍നിര്‍ത്തി മാതൃഭൂമി സീഡ് ക്ലബ്ബും, ചിറക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളും ഒന്നിച്ച് ചേര്‍ന്ന് ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ചിറക്കരയിലെ ഒരു വയല്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ആരംഭിച്ചു. അതിന്റെ ഉദ്ഘാടനവും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് ഇന്ന് നടന്നത്. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ ചിറക്കര സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മീനുക്കുട്ടിയുടെ പേരിലാണ് ഈ സംരംഭം ആരംഭിച്ചത്.
കുട്ടികളൊന്നിച്ച് കൂട്ടത്തോടെ വയലിലേക്ക്. വെയിലിന്റെ കാഠിന്യം താങ്ങാന്‍ കഴിയുന്നതിലും ഏറെയായിരുന്നു. മനുഷ്യന്റെ ചെയ്തികള്‍ അവനുമനസ്സിലാക്കി കൊടുക്കണം എന്നവണ്ണം കൂടുതല്‍ കഠിനമായി സൂര്യന്‍ ജ്വലിക്കുന്നു. അതിലൊന്നും തളരാതെ നമ്മള്‍ മുന്നോട്ട് നടന്നു. വയലെല്ലാം ഉഴുതു മറിയ്ക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. ഒരു പക്ഷേ എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ വയലില്‍ പണിയെടുക്കുന്നവരെ ഇത്ര അടുത്ത് കണ്ടതെന്ന് കൂടി പറയേണ്ടതുണ്ട്. കൊക്കിന്‍ കൂട്ടങ്ങള്‍, തോട്ടിന്റെ ഒഴുക്കിനൊപ്പം നീന്തി തുടിക്കുന്ന ചെറുമത്സ്യങ്ങള്‍, എല്ലാ എന്റെ കണ്ണിന് കുളിര്‍മയേകി. പരിസരം വെട്ടിവൃത്തിയാക്കുന്നതിനിടയ്ക്ക് ഒരു സസ്യങ്ങളേയും പരിപാലിക്കാന്‍ നമ്മള്‍ ഓര്‍ക്കാറില്ല. വയല്‍വക്കത്ത് തുമ്പചെടിയെ ഞാനൊരുപ നാളത്തെ ഇടവേളയ്ക്ക് ശേഷം കണ്ടു. അത്തത്തിന്റെ ആദ്യദിവസം തുമ്പ പൂവ് കൊണ്ട് പൂക്കളം ഒരുക്കേണ്ടതുണ്ട് എന്നാല്‍ ഇപ്രാവശ്യം എനിക്ക് തുമ്പപ്പൂവോ, ചെടിയോ പോലും കാണാന്‍ കഴിഞ്ഞില്ല. വയലില്‍ ഇറങ്ങാനുള്ള ആവേശത്തിലാണ് പലരും തണുത്ത കാറ്റ് വെയിലിന്റെ കാഠിന്യത്തില്‍ നിന്ന് നമുക്കൊരു ശമനം നല്‍കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം വിത്ത് വിതച്ച് നിര്‍വഹിച്ചു. ആദ്യമായിട്ടാണ് വിത്ത് വിതയ്ക്കുന്നത് ഞാന്‍ കാണുന്നത്. ചെളിയോട് വെറുപ്പുള്ളവരും, മണ്ണിനെ കാണാന്‍ ആഗ്രഹിക്കാത്തവര്‍ പോലും വയലിലേക്ക് ഇറങ്ങാന്‍ താല്‍പര്യം കാട്ടി. ചെളിയില്‍ ഇറങ്ങി അവര്‍ ഒരുപാട് ആസ്വദിച്ചു. അപ്പോഴും ഒരു സ്വാര്‍ത്ഥ താല്‍പര്യത്തില്‍ ഊന്നിയ എന്റെ മനസ്സ് യൂണിഫോം അഴുക്കായാലോ എന്ന് പേടിച്ചെങ്കിലും, കൂട്ടുകാരെല്ലാവരും ഇറങ്ങിയത് കൊണ്ട് ഞാന്‍ ഇറങ്ങി. ആവോളം ആസ്വദിച്ചു. കാറ്റിന്റെ മണവും, തണുപ്പും കുറെ നുകര്‍ന്ന് തുമ്പികൂട്ടങ്ങള്‍ പാറിക്കളിക്കുന്ന വയലേലകളില്‍ നിന്ന് താല്‍ക്കാലികമായി ഒരു മടക്കയാത്രയ്ക്ക് നമ്മള്‍ ഒരുങ്ങി. തിരിച്ച് നടന്നപ്പോഴും ചൂളമടിച്ചുയര്‍ന്ന കാറ്റ് നമ്മളുടെ നെറുകയില്‍ ചെയ്ത നല്ല കാര്യത്തിന്റെ അഭിനന്ദനസൂചകമായി തലോടി.

അനാമിക.എ.ജി.
ജി.എച്ച്.എസ്.
ചിറക്കര

October 24
12:53 2016

Write a Comment