SEED News

മാതൃകയായി എ.സി.റോഡിലെ മരങ്ങള്‍

 മങ്കൊമ്പ്: സംസ്ഥാനപാതയായ എ.സി.റോഡില്‍ ചങ്ങനാശ്ശേരി പൂവംമുതല്‍ ആലപ്പുഴ പള്ളാത്തുരുത്തി പാലംവരെയുള്ള പ്രദേശത്തെ മരക്കൂട്ടങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ നിലനില്‍ക്കുന്ന മാതൃകയാണ്. 2009ലാണ് അവസാനമായി സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് ആയിരത്തോളം പുതിയ വൃക്ഷത്തൈകള്‍ എ.സി.റോഡിനു സമീപം നട്ടത്. 

നെല്ലി, മഹാഗണി, മാവ്, ഇലഞ്ഞി, ആര്യവേപ്പ് തുടങ്ങിയ നിരവധി ഇനങ്ങളാണ് അന്ന് നട്ടുപിടിപ്പിച്ചത്. 
തൈകളെ ട്രീ ഗാര്‍ഡ് വെച്ച് സംരക്ഷിക്കുന്നതിനുപുറമേ വര്‍ഷംതോറും അവയ്ക്ക് പരിചരണവും നല്‍കുന്നു. ഇവിടത്തെ മാതൃക സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് വനമിത്ര പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ടെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീകുമാര്‍ പറഞ്ഞു.
പുളിങ്കുന്ന് ഉള്‍െപ്പടെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനെ പ്രതിരോധിക്കുന്ന തരം മണിമരുത്, നീര്‍മരുത് തുടങ്ങിയ ഇനങ്ങള്‍ അടുത്തിടെ നട്ടിരുന്നു. എ.സി.റോഡിന്റെ സംരക്ഷണഭിത്തികൂടിയാണ് ഈ മരങ്ങള്‍. അമിതവേഗംമൂലം നിയന്ത്രണം തെറ്റുന്ന വാഹനങ്ങള്‍ പലപ്പോഴും മരങ്ങളില്‍ തട്ടി നില്‍ക്കുന്നതുകൊണ്ടാണ് വന്‍ അപകടങ്ങള്‍ ഒഴിവാകുന്നത്. സീസണില്‍ നെല്ലിക്കയും മാങ്ങയും യാത്രികര്‍ക്ക് ഇവ നല്‍കുന്നു. മരങ്ങള്‍ നശിച്ചഭാഗത്ത് വീണ്ടും പുതിയ തൈകള്‍ നടണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ സമീപിക്കാറുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞു.
  വിദ്യാര്‍ഥികളില്‍ പരിസ്ഥിതിബോധം വളര്‍ത്തുന്ന സീഡിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നൂറിലധികം സ്‌കൂളുകളിലെ മരങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ട്.  വാരനാട്, കണ്ടമംഗലം, കടക്കരപ്പള്ളി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ നട്ട നക്ഷത്രവനവും മാതൃകയാണ്.

June 23
12:53 2015

Write a Comment

Related News