പ്രതിജ്ഞയിലൊതുങ്ങില്ല: കൃഷിയും ശുചിത്വവും മുറുകെ പിടിച്ച് എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്
പാലക്കാട്: പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലാൻ മാത്രമുള്ളതല്ലെന്ന് എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിലെ സീഡ് പ്രവർത്തകർക്കറിയാം. ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം എന്ന മുദ്രാവാക്യത്തെ അവർ സ്കൂൾ ജീവിതത്തിലേക്കും വീടുകളിലേക്കും കൊണ്ടുപോയി പ്രവർത്തന പഥത്തിലെത്തിച്ചു. സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ അവിടെതന്നെ ഉത്പാദിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹത്തെ കൂടെ കൂട്ടി. വിട്ടുവീഴ്ചയില്ലാത്ത ഈ പ്രവർത്തനങ്ങളാണ് എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിനെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരത്തിലേക്ക് നയിച്ചത്. സംസ്ഥാനതലത്തിലെ രണ്ടാം സ്ഥാനമാണ് സ്കൂൾ. കുട്ടികളുടെയും അധ്യാപകരുടെയും മികവുറ്റ പ്രവർത്തനങ്ങൾ നാട്ടിലെത്തിക്കുന്നത്. പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിനോടൊപ്പം
പച്ചക്കറി തോട്ടത്തിൽ നെൽകൃഷി ചെയ്യാൻ സാധിച്ചത് കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും ആവേശമായി. കൃഷിക്കാവശ്യമായ ജൈവ കീടനാശിനികൾ നിർമിച്ചതും സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിലാണ്.
പ്രദേശവാസികളുടെ യോഗം വിളിച്ച് ജലസ്ത്രോതസ്സുകൾ വൃത്തിയാക്കുന്ന പദ്ധതി, മഴക്കുഴികളുടെ നിർമാണം, പ്ലാസ്റ്റിക് നിർമാർജന പദ്ധതികൾ, തടയണ നിർമാണം, എന്നിവയ്ക്കൊപ്പം ജലസംരക്ഷണ ജാഥകളും വിദ്യാർഥികൾ സംഘടിപ്പിച്ചു.
നട്ടുപിടിപ്പിച്ച തൈകളുടെ പരിപാലത്തിനൊപ്പം അവയുടെ എണ്ണവും വളർച്ചയും എല്ലാം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിലും വിദ്യാർഥികൾ ശ്രദ്ധ ചെലുത്തി. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ ജാഥകളും വീടുകളിലെ വൈദ്യുതി ഓഡിറ്റിങും പതിവാക്കി.
ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് ആരോഗ്യ പ്രവർത്തകരുടെ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകൾ, വായനാശീലമുണ്ടാക്കുന്നതിന് സ്കൂളിൽ പ്രത്യേകം ഇടം എന്നിവയും ഒരുക്കി.
കുട്ടികൾക്കിടയിലുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്തി പഠിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനും സ്കൂൾ തലത്തിൽ സുരക്ഷാ കൂട്ടായ്മ രൂപീകരിക്കുന്ന ‘തനിച്ചല്ല’ പദ്ധതി സീഡ് പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാനസികോല്ലാസത്തിനായി മെതാനത്ത് കളികളും സംഘടിപ്പിച്ചു. സ്കൂളിൻറെ എല്ലാ ഭാഗങ്ങളിലും സീഡ് പോലീസിന്റെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് സീഡ് കോ-ഓർഡിനേറ്റർ വി. റസാഖും പ്രധാനധ്യാപിക റംലയും നിർദേശങ്ങൾ നൽകി ഒപ്പമുണ്ട്.
മികച്ച കാർഷിക സ്കൂൾ, മികച്ച സ്ഥാപന മേധാവി, മികച്ച അധ്യാപക കോ-ഓർഡിനേറ്റർ, മികച്ച കുട്ടി കർഷകൻ എന്നിവർക്കുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ പുരസ്കാരങ്ങൾ സ്കൂളിനെ പലതവണ തേടിയെത്തിയിട്ടുണ്ട്.