SEED News

‘ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം’: മംഗലം ഗാന്ധി സ്മാരക സ്കൂളിന് ഇത് മികവിനുള്ള അംഗീകാരം

പാലക്കാട്: പഠനത്തോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് മംഗലം ഗാന്ധി സ്മാരക യു.പി. സ്കൂളിലെ കുട്ടികൾ ‘ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം’ എന്ന മുദ്രാവാക്യമുയർത്തി  ഇറങ്ങിത്തിരിച്ചത്. കുട്ടികൾക്ക് എന്തു ചെയ്യാനാകും എന്ന് ചിന്തിച്ചവരെ അത്ഭുതപ്പെടുത്തി ഏറ്റെടുത്ത മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളിൽ അവർ വിജയം കണ്ടു. മാതൃഭൂമി സീഡ് ക്ലബിലെ വിദ്യാർഥികളാണ് തങ്ങളുടെ പ്രവർത്തനങ്ങൾകൊണ്ട് നാടിനും അഭിമാനമാകുന്നത്.  സീഡ് ക്ലബ് അംഗങ്ങൾക്ക് നേതൃത്വം നൽകിയതാകട്ടെ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്ററായ അധ്യാപകൻ കെ. ബിമലും പ്രധാനധ്യാപിക പി.യു. ബിന്ദുവും അധ്യാപകരായ കെ.എഫ്.  ലിറ്റി, പി. അനീഷ് തുടങ്ങിയവർ  ചേർന്നാണ്.
സമൂഹത്തിന് പ്രചോദനമാകും വിധം സീഡ് പ്രവർത്തനങ്ങൾ ഏകോപ്പിച്ച പ്രവർത്തനത്തിനാണ്  2023-24 അധ്യയന വർഷത്തെ മാതൃഭൂമിയുടെ ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം. കാൽ ലക്ഷം രൂപയുടേതാണ് പുരസ്കാരം. മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്നാണ് സ്കൂളുകളിൽ സീഡ് പദ്ധതി നടപ്പാക്കുന്നത്.
 ശലഭോദ്യാനം, നക്ഷത്രവനം,  ദശപുഷ്പങ്ങൾ, തുളസീവനം, റോസ്ഗാർഡൻ, ഔഷധ സസ്യോദ്യാനം തുടങ്ങിയവയുടെ മികച്ച രീതിയിലുള്ള പരിപാലനം, ജൈവ പച്ചക്കറി കൃഷി, ഒഴിവാക്കാം പ്ലാസ്റ്റിക് ജീവിതം എന്ന സന്ദേശമുയർത്തി ലവ് പ്ലാസ്റ്റിക് 2.0. പദ്ധതി, കൃഷിയിൽ താത്പര്യം ജനിപ്പിക്കുന്ന നൂറിൽ നൂറ്് പദ്ധതി, എന്നിവയിലെല്ലാം സീഡ് ക്ലബ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ മുന്നേറുകയാണ്.
 ഞാറ്റടി തയ്യാറാക്കുന്നത് മുതൽ കൊയ്ത്ത് വരെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളും കൃഷി രീതികളും വിദ്യാർഥികൾ പഠിച്ചു. റോഡിലിറങ്ങി ഗതാഗതം നിരീക്ഷിച്ചും നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചവർക്ക് മധുരം നൽകിയും വ്യത്യസ്തമാർന്ന ട്രാഫിക് ബോധവത്കരണ പരിപാടികകളും സംഘടിപ്പിച്ചു. മഴക്കാല രോഗങ്ങൾ തടയാൻ ബോധവത്കരണം, സ്കൂളിൽ കൃഷി ചെയ്യുന്നതിനോടൊപ്പം തന്നെ ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉണ്ടാക്കുന്നതിന് പരിശീലനം, ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ എന്നിവയെല്ലാം സംഘടിപ്പിച്ചു.
 കഴിഞ്ഞ പത്ത് വർഷത്തനുള്ളിൽ മംഗലം ഗ്രാമത്തിൽ നശിപ്പിക്കപ്പെട്ട ജലസ്ത്രോതസ്സുകളുടെ കണക്കുകൾ ശേഖരിച്ചു. അവയെ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ  ക്ലബ് അംഗങ്ങൾ പൊതുജനപങ്കാളിത്തവും തേടി.
 വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ ക്ലബ്ബ് രൂപീകരിച്ച് കൃത്യമായി മാസത്തിൽ ഒരു ദിവസം യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. അപകടകരമായ  സംഭവങ്ങളുണ്ടെങ്കിൽ അവയ്ക്ക് സീഡ് പോലീസിൻറെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നതിനും വിദ്യാർഥികൾ സമയോചിതമായ ഇടപെടലുകൾ നടത്തി.  ലഹരിയ്ക്ക് തടയിടാനും ബാലാവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും വിദഗ്ദരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു.
മികച്ച ശലഭോദ്യാനത്തിനുള്ള പുരസ്കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീക്ഷിച്ചറിയുന്ന ‘സീസൺ വാച്ച്’പദ്ധതിയിൽ മികച്ച സ്കൂളിനുള്ള 2022-23 വർഷത്തെ പുരസ്കാരവും ലഭിച്ചിരുന്നു.

March 27
12:53 2024

Write a Comment