environmental News

മുട്ടയിടാൻ തീരത്തേക്ക് കടലാമകളെത്തുന്നില്ല; ചത്തടിയുന്നത് കൂടുന്നു

ആലപ്പുഴ:  കേരളത്തിന്റെ തീരത്ത് മുട്ടയിടാൻ ഈ വർഷം ഇതുവരെ കടലാമകളൊന്നുമെത്തിയില്ല. എന്നാൽ, ആശങ്കപരത്തി പല തീരത്തും ആമകൾ ചത്തടിയുന്നു. കഴിഞ്ഞദിവസം ആലപ്പുഴ ആയിരംതൈ കടൽത്തീരത്ത് ഒരു ആമ ചത്തടിഞ്ഞു. നീലേശ്വരത്ത് അവശനിലയിൽ കണ്ടെത്തിയ ആമ പരസ്ഥിതിപ്രവർത്തകരുടെ പരിചരണത്തിലാണ്. കൊല്ലത്ത് കുറച്ചുനാൾ മുമ്പും ഒരെണ്ണം ചത്തടിഞ്ഞിരുന്നു.
 സെപ്റ്റംബർ മുതൽ മാർച്ച്വരെയുള്ള കാലയളവിലാണ് കേരളത്തിന്റെ തീരത്ത് ആമകൾ സാധാരണയായി മുട്ടയിടാനെത്തിയിരുന്നത്. 15 വർഷം മുമ്പ് 27 ആമകളെ ഇത്തരത്തിൽ കണ്ടെത്തി. കഴിഞ്ഞവർഷം ഇത് ആറെണ്ണം മാത്രമായിരുന്നു. ഈ വർഷം ഇതുവരെ ഒന്നും വന്നിട്ടില്ലെന്നാണ് കടലാമ സംരക്ഷണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നെയ്തൽ സംഘടനയുടെ സെക്രട്ടറി കെ.പ്രവീൺകുമാർ പറയുന്നത്.
  എട്ടിനം കടലാമകളുള്ളതിൽ കേരള തീരത്ത് കൂടുതലായി എത്തിയിരുന്നത് ഒലിവ് റെഡ് ലി ഇനത്തിൽപ്പെട്ടവയാണ്. ആയിരംതൈ തീരത്ത് ചത്തനിലയിൽ കണ്ടെത്തിയത് ഈ ഇനത്തിൽപ്പെട്ടതാണ്. നീലേശ്വരത്ത് നെയ്തൽ പ്രവർത്തകർ സംരക്ഷിക്കുന്ന ആമയും ഒലിവ് റെഡ് ലി ഇനത്തിലുള്ളതാണ്. 
 കാലവസ്ഥാവ്യതിയാനവും മാലിന്യങ്ങളും കടലാമകൾക്ക് കടുത്തഭീഷണിയാണ്. മീൻപിടിത്തക്കാർ കടലിൽ ഉപേക്ഷിക്കുന്ന വലകളിൽ കുടുങ്ങിയും ഇവയ്ക്ക് നാശമുണ്ടാകുന്നു. ആലപ്പുഴ പുന്നപ്ര ചള്ളിയിൽ കടപ്പുറത്ത് കുറച്ചുനാൾ മുമ്പ് കടൽച്ചൊറിയടിഞ്ഞ് തൊഴിലാളികൾക്ക് അസ്വസ്ഥതയുണ്ടായി. ജെല്ലി ഫിഷ് ഇനത്തിൽപ്പെട്ട കടൽച്ചൊറി ആമകൾക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ്. ആമകളുടെ കുറവ് സൂചിപ്പിക്കുന്നതായിരുന്നു ഈ സംഭവമെന്നും പറയുന്നു.
  ഒരുസമയം നൂറ്റിയമ്പതോളം മുട്ടകളാണ് കടലാമ ഇടുന്നത്. ഇത് 40-60 ദിവസങ്ങൾക്കുള്ളിൽ വിരിയും. ചൂടിന്റെ വ്യതിയാനമനുസരിച്ചാണ് ആൺ പെൺ വേർതിരിവുണ്ടാകുന്നതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് കണ്ടെത്തിയരുന്നു. ഇതനുസരിച്ച് 25-29 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജനിക്കുന്നത് ആണും 30-35 താപനിലയിൽ ജനിക്കുന്നത് പെണ്ണുമായിരിക്കും. ഇപ്പോൾ ചൂട് കൂടിയിരിക്കുന്നതിനാൽ ആൺ ആമകളുടെ എണ്ണം വൻതോതിൽ കുറഞ്ഞു. ഇതും ആമകളുടെ വംശവർധനയ്ക്ക് തടസ്സമായി. 
 അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്റെ ചുവപ്പ് പട്ടികയിലാണ് കടലാമ. വംശനാശത്തിലെത്തുന്നവയെന്ന കണക്കിലാണിത്. മാതൃഭൂമി സീഡ് നേതൃത്വത്തിൽ ‘കടലാമയ്ക്കൊരു കൈത്തൊട്ടിൽ’ എന്ന പേരിൽ ബോധവത്കരണം നടത്തുന്നുണ്ട്. തീരമേഖലയിലുള്ള സംഘടനകളും കടലാമ സംരക്ഷണത്തിന് കാവലായിരിക്കുന്നു. ആലപ്പുഴ ആയിരംതൈ കടൽത്തീരത്ത് ചത്തടിഞ്ഞ കടലാമ

December 16
12:53 2016

Write a Comment