environmental News

ദേശാടനപക്ഷികള്‍ക്ക് പ്രിയതാവളമായി തൊട്ടുചിറ

പെരുമ്പാവൂര്‍:  കൂവപ്പടി, ഒക്കല്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ ചേരാനല്ലൂരിലെ തൊട്ടുചിറ ദേശാടനപക്ഷികളുടെ ഇഷ്ടതാവളമായി മാറുന്നു. എട്ടോക്കറോളമുളള ഈ ജലാശയം ഏത് വേനലിലും ജലസമൃദ്ധമാണ്. ഏതാനുംവര്‍ഷങ്ങളായി നവമ്പര്‍, ഡിസംബര്‍ മാസങ്ങളില്‍ കൂട്ടത്തോടെ ദേശാടനക്കിളികള്‍ ഇവിടെയെത്തുന്നു. സമൃദ്ധമായ തീറ്റയും സുഖശീതളമായ കാലാവസ്ഥയുമാണ് തൊട്ടുചിറയെ ഇവയുടെ പ്രിയതാവളമാക്കിമാറ്റുന്നത്.  കാട്ടുതാറാവ്, നീലക്കോഴി, സൈബീരിയന്‍ കൊക്ക് തുടങ്ങി പത്തിനത്തിലധികം പക്ഷികള്‍ ഇവിടെ ഇക്കൊല്ലം പറന്നിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. പല പക്ഷികളേയും നാട്ടുകാര്‍ ആദ്യമായി കാണുന്നതാണ്, പേര് പോലും അറിയില്ല. നൂറുകണക്കിന് പക്ഷികളെ ഒരേസമയം തൊട്ടുചിറയില്‍ കാണാം.
  വിനോദസഞ്ചാരം, ജലസംരക്ഷണം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെടുത്തി ചിറനവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പായലും ചെളിയും നിറഞ്ഞ് കിടക്കുന്ന ചിറയ്ക്ക് കയ്യേറ്റവും ഭീഷണിയാണ്. ജില്ലാപഞ്ചായത്ത് മുന്‍ഭരണസമിതി ചിറയുടെ അരിക് കെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിക്കുകയും പണികളുടെ ഉദ്ഘാടനം സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും പിന്നീടൊന്നും നടന്നില്ല. ചെളികോരി വൃത്തിയാക്കുകയും ചിറയിലേയ്ക്കും പുറത്തേയ്ക്കും വെള്ളമൊഴുകുന്ന മാര്‍ഗ്ഗങ്ങള്‍ തെളിക്കുകയും വേണം. മുന്‍പ് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇക്കൊല്ലം അതുണ്ടായില്ല. തൊട്ടുചിറയുടേയും സമീപമുള്ള മുട്ടുചിറയുടേയും പുരുദ്ധാരണത്തിനായി 3.5 കോടിരൂപയുടെ പദ്ധതി നബാര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലവും അറിവായിട്ടില്ല.  പെരിയാറിന്റേയും, മലയാറ്റൂര്‍- കോടനാട് വിനോദസഞ്ചാരകേന്ദ്രങ്ങളുടേയും സാമീപ്യമുള്ള നാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്കും ദേശാടനപക്ഷികളുടെ ചാരുതയാണ്.

January 07
12:53 2017

Write a Comment