environmental News

പതിനേഴായിരം ആമക്കുഞ്ഞുങ്ങൾ ആമസോൺ നദിയിലേക്ക്

ഇക്കാലത്ത് പരിസ്ഥിതി സ്നേഹികള്‍ക്കു സന്തോഷിക്കാനുള്ള അവസരങ്ങൾ വളരെ കുറവാണ്.അതുകൊണ്ടു തന്നെ ഇത്തരം അവസരങ്ങള്‍ അവർ പാഴാക്കാറില്ല .ഇങ്ങനെ സന്തോഷിക്കാനുള്ള ഒരു അവസരമാണ് പെറുവിലെ ആമസോൺ നദിയിലേക്കു പതിനേഴായിരത്തോളം മഞ്ഞപ്പൊട്ടുള്ള ആമകളെ തുറന്നു വിട്ടപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു ലഭിച്ചത്.

 ആമസോണ്‍ നദിയില്‍ ധാരാളമായി കണ്ടു വന്നിരുന്ന ‘ടാരിക്കായ’ എന്ന ആമകള്‍ ദേഹം നിറയെ മഞ്ഞ പുള്ളികളുള്ള സുന്ദരജീവികളാണ്. എന്നാല്‍ ഇപ്പോള്‍ ഇവ കടുത്ത വംശനാശ ഭീഷണിയുടെ നിഴലിലാണ്. ഇവയെ സംരക്ഷിക്കാനായാണ് ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങളെ സുരക്ഷിതമായി വിരിയിച്ച്, ഇവയുടെ സ്വാഭാവിക ആവാസ കേന്ദ്രമായ ആമസോണ്‍ നദിയിലേക്കു തുറന്നുവിട്ടത്.

പൂര്‍ണ്ണ വളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ തെക്കെ അമേരിക്കയിലെ ഏറ്റവും വലിയ ആമകളില്‍ ഒന്നാണു ടാരിക്കായ ആമകള്‍. ഇറച്ചിക്കു വേണ്ടിയുള്ള വേട്ടയും വികസനത്തിന്‍റെ ഭാഗമായി വാസസ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടതുമാണ് ഇവയെ വംശനാശത്തിന്‍റെ വക്കിലെത്തിച്ചത്. സര്‍ക്കാരിന്‍റെ കീഴിലുള്ള സെര്‍നാപ് എന്ന പരിസ്ഥിതി ഏജന്‍സിയാണ് ഇവയുടെ സംരക്ഷണത്തിനിപ്പോള്‍ മുന്‍കൈ എടുത്തത്. 70 വര്‍ഷമാണ് ഇവയുടെ ശരാശരി ആയുസ്സ്. വരുന്ന 5 വര്‍ഷം കൂടി ഇതേ രീതിയില്‍ ആമക്കുഞ്ഞുങ്ങളെ വിരിയിക്കാനായാല്‍ ഈ ആമകളുടെ എണ്ണം സുരക്ഷിതമായ നിലയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

നദീതീരത്തെ വനമേഖലയില്‍ നിന്നാണു മുട്ടകള്‍ ശേഖരിച്ചു വിരിയിച്ചത്. സാധാരണ ആമകളിടുന്ന മുട്ടകളില്‍ പകുതി മാത്രമേ സ്വാഭാവിക പരിതസ്ഥിതിയില്‍ വിരിയാറുള്ളു. മറ്റു ജീവികളും മനുഷ്യരുമെല്ലാം ആഹാരത്തിനായി മുട്ടയെടുക്കുന്നതാണു കാരണം. 70 ദിവസമാണ് ഈ മുട്ടകള്‍ വിരിയാനെടുക്കുന്ന സമയം. വലിയ കണ്ടെയ്നറുകളിലാക്കിയാണ് ഇവയെ സംരക്ഷണകേന്ദ്രത്തില്‍ നിന്നു നദീതീരത്തെത്തിച്ചത്. 

January 09
12:53 2017

Write a Comment