SEED News

അമൃതയില്‍ വിഷരഹിത പച്ചക്കറി വിളവെടുപ്പ് ഉത്സവം

ഇടപ്പള്ളി: ഇടപ്പള്ളി  അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ചൊവ്വാഴ്ച ജൈവകൃഷിയുടെ വിളവെടുപ്പ് ഉത്സവമായിരുന്നു. 
 മാതൃഭൂമി സീഡ് (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) പദ്ധതിയില്‍ അംഗങ്ങളായ അവര്‍ അക്ഷീണ പരിശ്രമത്താല്‍ ഇഞ്ചിയും മഞ്ഞളും വാഴക്കുലയും അസംഖ്യം പച്ചക്കറികളും വിളയിച്ചു.   അമൃത വാല്യൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ജൈവകൃഷി. വിളവെടുപ്പിനെത്തുടര്‍ന്ന് അടുത്ത വിളവിലേക്കുള്ള കൃഷി ആരംഭിക്കുകയും ചെയ്തു. 
      പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര കൃഷിരീതി അവലംബിക്കണമെന്ന ബോധം കുട്ടികളില്‍ വളര്‍ത്തുകയാണ് ഈ യത്‌നത്തിന്റെ ഉദ്ദേശ്യമെന്ന് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ പറഞ്ഞു. ഈ കാമ്പസില്‍ പഠനത്തോടൊപ്പം പലതരം കൃഷിയും സജീവമാണ്. പച്ചക്കറികൃഷി ധാരാളം. ജൈവവളം മാത്രം ഉപയോഗിച്ചാണ് കപ്പ, വാഴ, പയര്‍, കാബേജ്, ചതുരപ്പയര്‍, പാവക്ക, ചീര, മുളക്, വെണ്ട, വഴുതന, അമര, കോവക്ക, കോളിഫഌവര്‍ എന്നിവ കൃഷി ചെയ്യുന്നത്. വാഴ ഒഴികെയുള്ളവ ടെറസിലാണ്. 
സീഡിനൊപ്പം ശാസ്ത്രീയ കൃഷി പരിശീലനവുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം കൂടി എത്തിയതോടെ ടെറസിലെ വിളവ് നൂറുമേനിയായി.    വിളവെല്ലാം കോളേജ് കാന്റീനിന്റെ അടുക്കളയിലാണ് എത്തുന്നത്. അങ്ങനെ വിഷം തീണ്ടാത്ത പച്ചക്കറികള്‍ കഴിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുങ്ങുന്നു. പഠനത്തിടെ കിട്ടുന്ന സയമുപയോഗിച്ച് ഡോ. കൃഷ്ണകുമാറിന്റെ പിന്തുണയോടെയാണ് വിദ്യാര്‍ഥികളുടെ കൃഷി. പച്ചക്കറിക്ക് പുറമെ വെറ്റില കൃഷി ചെയ്ത് വായു ശുദ്ധീകരണവും സാധ്യമാക്കുന്നു. രണ്ട് വര്‍ഷം മുമ്പാണ് സീഡിന്റെ സഹകരണത്തോടെ വിഷരഹിത പച്ചക്കറി എന്ന ആശയം ഇവിടെ പ്രാവര്‍ത്തികമാക്കിയത്. രണ്ട് വര്‍ഷവും ജില്ലാ തലത്തില്‍ മികച്ച സീഡ് കോളേജ് യൂണിറ്റിനുള്ള അംഗീകാരം കോളേജിന് ലഭിച്ചു.      ചൊവ്വാഴ്ച രാവിലെ  കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. യു. കൃഷ്ണകുമാര്‍ സ്വാഗതപ്രസംഗം നടത്തി. 
കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. കെ. സ്മിത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 'മാതൃഭൂമി' കൊച്ചി ബ്യൂറോ ചീഫ് പി.കെ. ജയചന്ദ്രന്‍ 2017ലെ സീഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  എം.എസ്. വിനോദ് ആശംസ നേര്‍ന്നു.

January 18
12:53 2017

Write a Comment

Related News