environmental News

ഭൂമിക്ക് പൊള്ളുന്നു; റെക്കോര്‍ഡ് ചൂടുമായി തുടര്‍ച്ചയായ മൂന്നാംവര്‍ഷം

വാഷിങ്ടണ്‍: ഭൂമിയുടെ താപനില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിച്ചാണ് 2016 പിന്നിട്ടതെന്ന് ശാസ്ത്രജ്ഞര്‍. 2017ല്‍ ചൂട് ഇതിലും കൂടുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

താപനില റെക്കോര്‍ഡ് കൈവരിക്കുന്നത് തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ്. 2014-15 ല്‍ ആയിരുന്നു താപനില ആദ്യം റെക്കോര്‍ഡിലെത്തിയത്. 2016 ല്‍ ഇത് മറികടന്നു. വരും വര്‍ഷങ്ങളില്‍ ഇത് ഇനിയും വര്‍ധിക്കുമെന്നാണ് പ്രവചനം.

താപനില ക്രമാതീതമായി വര്‍ധിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷ താപനിലയിലെ മാറ്റം ധ്രുവപ്രദേശങ്ങളിലാണ് നിര്‍ണായകമാകുന്നത്. താപനില ഉയരുന്നത് ധ്രുവ്രങ്ങളിലെ മഞ്ഞ് ഉരുകുന്നതിനും ഇതുകാരണം സമുദ്രനിരപ്പ് ഉയരാനും ഇടയാക്കും. ആര്‍ട്ടിക് പ്രദേശത്ത് 2015ല്‍ ശരാശരി ഉപരിതല താപനില ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ 2.8 ഡിഗ്രി കൂടുതലായിരുന്നു.

ആര്‍ട്ടിക്കിലെ മഞ്ഞുപാളിയുടെ വിസ്തീര്‍ണം 38 വര്‍ഷത്തിനിടയിലെ ഏറ്റവുമധികം കുറവ് കാണിച്ചത് 2016 നവംബറിലാണ്. മഞ്ഞിന്റെ ആവരണം കുറയുന്നത് സമുദ്ര താപനിലയെ ബാധിക്കും. ചുഴലിക്കാറ്റുകള്‍ക്കും പേമാരികള്‍ക്കുമെല്ലാം ഇത്  വഴിവെക്കും.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് ഭൗമതാപനില വര്‍ധിക്കാന്‍ കാരണം. ഇതാണ് ആഗോളതാപനം രൂക്ഷമാക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളും സഹകരിച്ച് മുന്നൊരുക്കങ്ങളോടെ മുന്നോട്ടു പോയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

January 20
12:53 2017

Write a Comment