environmental News

മുളയ്ക്കും കലണ്ടര്‍

കൊച്ചി: ജനുവരിയെ ഇനി ചീന്തിയെടുത്ത് മണ്ണിലേക്കിടാം. പിന്നിട്ട ദിവസങ്ങളുടെ ഓര്‍മയെന്ന പോലെ സൂര്യകാന്തിയും ജമന്തിയുമെല്ലാം കലണ്ടര്‍ താളില്‍ നിന്നിറങ്ങി അഴകുചൊരിയും.
പറഞ്ഞുവരുന്നത് സീഡ് കലണ്ടറിനെക്കുറിച്ചാണ്. ഒന്ന് നനച്ച് മണ്ണിലേക്കിട്ടാല്‍ ചെടിയായി മുളച്ചുയരുന്നതാണ് ഈ കലണ്ടര്‍ മാജിക്. 
ടേബിള്‍ കലണ്ടറുകളില്‍ സീഡ് കലണ്ടറെന്ന പുതുമ പരീക്ഷിക്കുന്നത്‌ െകാച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് (കെ.എം.ആര്‍.എല്‍.).
വിത്തുകള്‍ ഉള്ളടക്കം ചെയ്താണ് സീഡ് കലണ്ടറിന്റെ താളുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പൂക്കളും പച്ചക്കറികളുമെല്ലാം കലണ്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. പൂക്കളുടെ കൂട്ടത്തില്‍ സൂര്യകാന്തി മുതല്‍ ജമന്തി വരെയുണ്ട്. വഴുതനയും തക്കാളിയും ചീരയും പച്ചക്കറിക്കൂട്ടത്തിലും. 
പ്രകൃതിസൗഹൃദമായ വസ്തുക്കള്‍ കൊണ്ടാണ് കലണ്ടര്‍ നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് ഒട്ടും ദോഷമില്ലാതെ എളുപ്പം മണ്ണില്‍ അലിഞ്ഞുചേരുമെന്ന്‌ െകാച്ചി മെട്രോ അധികൃതര്‍ പറയുന്നു. ഓരോ മാസത്തിനും ഓരോ വിത്ത് എന്ന തരത്തില്‍ 12 വ്യത്യസ്ത തരത്തിലുള്ള വിത്തുകളാണ് കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 
എങ്ങനെ നടണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കലണ്ടറില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. മെട്രോയുടെ പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമാണ്  ഈ ടേബിള്‍ കലണ്ടറെന്ന് കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ബുധനാഴ്ച നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. കൗണ്‍സിലര്‍ ഹംസക്കുഞ്ഞ് ആദ്യ കോപ്പി ഏറ്റുവാങ്ങി.


February 04
12:53 2017

Write a Comment