environmental News

നാട്ടിന്‍പുറത്തെ കമുകിലും പൂക്കും; ആയുസ് ഒരു ദിവസം മാത്രം

കോട്ടയം: കേള്‍ക്കുമ്പോള്‍ വിദേശിയെന്ന് തോന്നുമെങ്കിലും തനി നാട്ടിന്‍പുറത്തെ കമുകിലും പൂക്കും... 'ക്യാറ്റസ് ക്ലോ ക്രീപ്പര്‍'. ക്രീപ്പര്‍ വിഭാഗത്തില്‍പെട്ട(മരത്തില്‍ പടര്‍ന്നു കയറുന്ന) ഈ ചെടിയുടെ ശാസ്ത്രീയനാമം 'മാക് ഫെഡെയ്ന യൂജിസ് ക്യാറ്റി'യെന്നാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണിത് പൂക്കുന്നത്.
 
പൂവിന്റെ ആയുസ് ഒറ്റദിവസം മാത്രം. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഇതു വിരളമായേ കാണാറുള്ളൂ. മരങ്ങളില്‍ വേര് പിടിച്ചാണ് ഈ ചെടിയുടെ വളര്‍ച്ച. 30 മീറ്റര്‍വരെ ഉയരത്തില്‍ വളരും. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മണര്‍കാട് തെങ്ങുംതുരുത്തേല്‍ ജേക്കബ് ടി. മാണിയുടെ വീട്ടിലാണ് ഈ അപൂര്‍വയിനം ചെടി പൂത്തുലഞ്ഞത്.
 
നാല്പതടിയോളം ഉയരത്തില്‍ കമുകില്‍ ചുറ്റിപ്പടര്‍ന്നു കിടക്കുന്ന ഈ ചെടിയില്‍ രണ്ടാം തവണയാണ് പൂവുണ്ടായത്. വള്ളികളില്‍ തിങ്ങിനിറഞ്ഞ് പൂക്കുമെങ്കിലും ഒരുദിവസം മാത്രമേ പൂവിന് ആയുസ്സുള്ളൂ. ചൂട് കൂടുതലുള്ള കാലാവസ്ഥയിലാണ് പൂക്കുന്നത്.
 
പുലര്‍ച്ചെ വിരിയുന്ന പൂക്കള്‍ വൈകുന്നേരത്തോടെ വാടിത്തുടങ്ങും. പൂക്കുന്നതിന് മുമ്പ് ഇലകള്‍ മുഴുവനും കൊഴിഞ്ഞ് പുതിയ തളിരിലകള്‍ വരും. ഇതോടൊപ്പം മൊട്ടുകളുണ്ടായി പൂക്കുകയാണ് രീതിയെന്ന് ജേക്കബ് ടി.മാണി പറഞ്ഞു.

February 09
12:53 2017

Write a Comment