environmental News

സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നു; പഠനത്തിനൊരുങ്ങി ശാസ്ത്രലോകം.

കൊച്ചി: ചൂട് കൂടുന്നത് കേരള തീരങ്ങളിലെ സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമായിട്ടുണ്ടെന്ന് വിലയിരുത്തല്‍. ഇത് സംബന്ധിച്ച പഠനങ്ങള്‍ക്ക് ഒരുങ്ങുകയാണ് ശാസ്ത്രലോകം. ഓരോ വര്‍ഷവും അന്തരീക്ഷത്തില്‍ ചൂട് കൂടുന്ന അവസ്ഥയാണുള്ളത്. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമാണ് ഇതിന് കാരണമായി ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നത്.

അന്തരീക്ഷത്തിലെ താപനില കൂടുമ്പോള്‍ ഭൂമിയിലെ മഞ്ഞുപാളികള്‍ ഉരുകി കടലില്‍ ചേരും. പ്രധാനമായും ആര്‍ട്ടിക് മഞ്ഞാണ് ഉരുകുക. ഇത് കേരള തീരങ്ങളിലെ സമുദ്ര ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുവെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി ചീഫ് സയന്റിസ്റ്റ് ഡോ. പി.കെ. ദിനേശ് കുമാര്‍ പറഞ്ഞു.

ഉപഗ്രഹ ചിത്രങ്ങളും കൊച്ചിയുടെ ത്രീഡി ഭൂപടങ്ങളുമുപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയുടെ ജലനിരപ്പ് രണ്ട് മില്ലി മീറ്റര്‍ ഉയരുന്നതായിട്ടാണ് കണ്ടെത്തിയത്. തിരയെടുക്കുന്ന തീരങ്ങളാണ് കേരളത്തിനുള്ളത്. ഇതിനു പുറമെ കേരള തീരങ്ങളിലെ 63 ശതമാനം കടല്‍ ഭിത്തികളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരള തീരങ്ങളിലെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും നോക്കി ജലത്തിന്റെ അളവ് രേഖപ്പെടുത്തുന്നുണ്ട്. 2050-ഓടെ സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുമെന്നാണ് ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഔട്ട് ലുക്കിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുമ്പോള്‍ കടലാക്രമണം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര സംഘടന ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി.) വിലയിരുത്തുന്നു.

കുഫോസിലെ സമുദ്ര ഗവേഷണ വിഭാഗവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി കൊച്ചി സെന്ററിലെ ശാസ്ത്രജ്ഞരുമാണ് ചൂടും സമുദ്രനിരപ്പ് ഉയരലും സംബന്ധിച്ച് പഠനം നടത്തുന്നത്. 1880-ലാണ് അന്തരീക്ഷത്തിലെ താപനില വച്ച് ചൂടിന്റെ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഇതിനു ശേഷം ഏറ്റവും കൂടുതല്‍ ചൂട് 2016-ലാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷവും ചൂട് അന്തരീക്ഷത്തില്‍ കൂടുമെന്നാണ് നിഗമനം. ചൂട് കൂടുന്നതിന് അനുസരിച്ച് മത്സ്യങ്ങള്‍ സമുദ്രം വിടുമെന്നാണ് കുഫോസ് ഗവേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

February 18
12:53 2017

Write a Comment