environmental News

അതിരപ്പിള്ളിക്കും ശബരിമലയ്ക്കും ഇനി സ്വന്തം തവള.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന്റെ പ്രധാന്യം വ്യക്തമാക്കിക്കൊണ്ട് പുതിയ ഏഴിനം തവളകളെക്കൂടി ഗവേഷകര്‍ തിരിച്ചറിഞ്ഞു. അതിരപ്പിള്ളി, ശബരിമല എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയ രണ്ടിനം തവളകളും അതില്‍ ഉള്‍പ്പെടുന്നു. പുതിയതായി തിരിച്ചറിഞ്ഞതില്‍ നാലിനങ്ങള്‍ നഖത്തിന്റെയത്ര പോലും വലുപ്പമില്ലാത്ത കുഞ്ഞന്‍ തവളകളാണ്. 

'രാത്തവളകള്‍' ( Night Frogs ) എന്നറിയപ്പെടുന്ന 'നിക്ടിബാട്രാക്കസ്' ( Nyctibatrachus ) ജനസില്‍ പെട്ട ഏഴിനം തവളകളെയാണ് പുതിയതായി തിരിച്ചറിഞ്ഞത്. കേരളത്തില്‍ പശ്ചിമഘട്ടം മേഖലയില്‍ അഞ്ചുവര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തല്‍. മലയാളിയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത ഉഭയജീവി വിദഗ്ധനുമായ ഡോ.സത്യഭാമദാസ് ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് 'പിയര്‍ജെ' ( Peer J ) ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.

പുതിയ ഏഴിനങ്ങളില്‍ നാലും നഖത്തിന്റത്ര വലിപ്പം പോലുമില്ലാത്ത കുഞ്ഞന്‍ തവളകളാണ്. വെറും 12.2 മില്ലിമീറ്റര്‍ മുതല്‍ 15.4 മില്ലിമീറ്റര്‍ വരെ മാത്രം വലിപ്പമുള്ളവയാണിവ. 'ലോകത്ത് തിരിച്ചറിഞ്ഞതില്‍ ഏറ്റവും ചെറിയ തവളയ്ക്ക് ഏഴ് മില്ലിമീറ്റര്‍ മാത്രമാണ് വലുപ്പം. അതിന്റെ ഗണത്തില്‍ പെടുന്നതാണ് പുതിയ ഇനങ്ങള്‍' - ഡോ.ബിജു 'മാതൃഭൂമി'യോട് പറഞ്ഞു. ശബരിമലയില്‍ നിന്ന് കണ്ടെത്തിയ പുതിയ തവളയിനത്തിന് 'ശബരിമല രാത്തവള' (ശാസ്ത്രീയനാമം: (Nyctibatrachus sabarimalai ) എന്നാണ് ഗവേഷകര്‍ നല്‍കിയ പേര്. അതിരപ്പിള്ളിയില്‍ കണ്ടെത്തിയതിന് 'അതിരപ്പിള്ളി രാത്തവള' ( Nyctibatrachus athirappillyensis ) എന്നും. അഗസ്ത്യമല മേഖലയില്‍ നിന്ന് തിരിച്ചറിഞ്ഞ കുഞ്ഞന്‍ തവളയായ 'വിജയന്‍സ് രാത്തവള'യ്ക്ക് ( Nyctibatrachus pulivijayani ) വലുപ്പം വെറും 13.6 മില്ലീമീറ്റര്‍ മാത്രം!

പശ്ചിമഘട്ടത്തില്‍ കുഞ്ഞന്‍ തവളകള്‍ സുലഭമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഇലകള്‍ക്ക് കീഴെയും ചതുപ്പുകളിലും കഴിയുന്നവയാണ് ഇവ. വിട്ടിലുകള്‍ (പുല്‍ച്ചാടികള്‍) ചിലയ്ക്കുന്നതുപോലെയാണ് ഇവയുടെ ശബ്ദം. വലുപ്പമാണെങ്കില്‍ തീരെ കുറവും. അതുകൊണ്ടാണ് ഇവ തിരിച്ചറിയപ്പെടാതിരിക്കാന്‍ കാരണം-പിഎച്ച്ഡിയുടെ ഭാഗമായി ഈ പഠനം നടത്തിയ ഡല്‍ഹി സര്‍വ്വകലാശാലയിലെ സൊണാലി ഗാര്‍ഗ് അറിയിച്ചു. കേരള വനംവകുപ്പിലെ റേഞ്ച് ഓഫീസര്‍ സന്ദീപ് സുകേശനും പഠനത്തില്‍ പങ്കാളിയായി

തവളകള്‍ക്കിടയില്‍ തന്നെ ഏറെ പ്രാചീനമായ ഇനങ്ങളാണ് രാത്തവളകള്‍. 'ഏതാണ്ട് എട്ടുകോടി വര്‍ഷത്തിന്റെ പരിണാമചരിത്രം ഇവയ്ക്കുണ്ട്'-ഡോ. ബിജു അറിയിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനയുടെ ഭാഗമായിരുന്ന കാലത്തുള്ള ജീവികളാണിവ. പുതിയ കണ്ടെത്തലോടെ പശ്ചിമഘട്ടത്തില്‍ നിന്ന് തിരിച്ചറിയുന്ന രാത്തവളയിനങ്ങള്‍ 35 ആയി. 'ഇവയുടെ അകന്ന ബന്ധുക്കളെ കാണാനാവുക ശ്രീലങ്കയിലാണ്', അദ്ദേഹം പറഞ്ഞു. 

പശ്ചിമഘട്ടത്തിലെ തവളകള്‍ കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവിടുത്തെ 32 ശതമാനം തവളയിനങ്ങളും വംശനാശഭീഷണിയിലാണെന്ന് ഡോ.ബിജു പറഞ്ഞു. 'പുതിയതായി തിരിച്ചറിഞ്ഞ ഏഴ് രാത്തവളയിനങ്ങളില്‍ അഞ്ചും കടുത്ത ഭീഷണി നേരിടുന്നവയാണ്', അദ്ദേഹം അറിയിച്ചു. 

കുഞ്ഞന്‍ തവളകളാണ് വലിയ ഭീഷണി നേരിടുന്നത്. 'ചെറിയ തവളകള്‍ക്ക് ചെറിയ ആവാസവ്യവസ്ഥയേ ഉണ്ടാകൂ. ശബരിമലയില്‍ തിരിച്ചറിഞ്ഞ രാത്തവള പമ്പയില്‍ വിരിവെയ്ക്കുന്നതിന് സമീപത്ത് ചെറിയൊരു പ്രദേശത്ത് മാത്രമാണ് കാണപ്പെടുന്നത്. അതിരപ്പിള്ളിയില്‍ തിരിച്ചറിഞ്ഞതിന്റെ കാര്യവും ഇങ്ങനെ തന്നെ. അവിടുത്തെ വെള്ളച്ചാട്ടത്തിന് അരകിലോമീറ്റര്‍ അകലെ ചെറിയൊരു പ്രദേശത്ത് മാത്രമാണ് പുതിയ തവളയിനം കാണപ്പെടുന്നത്. അണക്കെട്ട് വന്നാല്‍ മുങ്ങുന്ന പ്രദേശമാണത്' -ഡോ. ബിജു പറയുന്നു. 

ഇത്തരം ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനായി അടിയന്തരമായി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയേ തീരൂ എന്നാണ് ഗവേഷകരുടെ അഭിപ്രായം.

(കടപ്പാട് :മാതൃഭൂമി ഓൺലൈൻ) 

February 21
12:53 2017

Write a Comment