SEED News

തൊഴിലുറപ്പിന്റെ മെയ്ക്കരുത്തിൽ കുട്ടമ്പേരൂർ ആറിന് പുനർജന്മം

  മാന്നാർ: എഴുന്നൂറോളം തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസങ്ങൾ നീണ്ട അശ്രാന്തപരിശ്രമത്തിനൊടുവിൽ കുട്ടമ്പേരൂർ ആറ്് പുനർജനിച്ചു. കാടുമൂടി, ഒഴുക്കുനിലച്ച് മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുകയായയിരുന്നു ഈ നദി. ഇപ്പോൾ തെളിഞ്ഞവെള്ളം ഒഴുകുന്ന വെടിപ്പുള്ള നദിയായി മാറി. 
പമ്പ-അച്ചൻകോവിൽ നദികളുടെ കൈവഴിയാണ് 12 കിലോമീറ്റർ ദൈർഘ്യമുള്ള കുട്ടമ്പേരൂർ ആറ്്.
 പമ്പയിലെ ജലനിരപ്പ് ഉയരുമ്പോൾ തെക്കോട്ടും അച്ചൻകോവിലാറ്റിലെ ജലനിരപ്പുയരുമ്പോൾ വടക്കോട്ടും ഒഴുകിയിരുന്നു ഈ നദി. കായംകുളം വാൾ, ഇരുതലമൂരി എന്നിങ്ങനെയും ഈ നദിയെ കളിയാക്കിയിരുന്നതായി പഴമക്കാർ പറയുന്നു. 
70മുതൽ 120വരെ മീറ്റർ വീതിയുണ്ടായിരുന്ന ഈ നദി ഒരുകാലത്ത് ബുധനൂർ പഞ്ചായത്തിന്റെയും മാന്നാറിന്റെ കിഴക്കൻ മേഖലയുടെയും കാർഷികാഭിവൃദ്ധിക്ക് കാരണമായിരുന്നു.
 എന്നാൽ, കാലാകാലങ്ങളിലുള്ള കൈയേറ്റംമൂലം നദിയുടെവീതി നന്നേകുറഞ്ഞു. അശാസ്ത്രീയമായ നാല് പാലങ്ങൾകൂടി വന്നതോടെ ഒഴുക്കുനിലച്ചു. ജലനിരപ്പ് താഴ്ന്ന് കാടുമൂടുകയും ചെയ്തു. 
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ചെന്നിത്തല പള്ളിയോടം പോകുന്നത് ഈ നദിയിലൂടെയാണ്. കാടുകയറിക്കിടന്ന നദിയുടെ പള്ളിയോടത്തിന്റെ യാത്രയും ദുഷ്കരമായി. നദിയുടെ ഈ അവസ്ഥമൂലം സമീപപ്രദേശങ്ങളിലെ കിണറുകളിൽപോലും വെള്ളം കിട്ടാതായി.
 2012ൽ നദിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും സർവേപോലും പൂർത്തീകരിക്കാനാവാതെ നിർത്തി വച്ചു.
 തുടർന്ന് ബുധനൂർ പഞ്ചായത്ത് തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നദി വൃത്തിയാക്കിയെങ്കിലും അൽപ്പകാലംകൊണ്ട് വീണ്ടും പഴയപടിയായി. 
 മാന്നാർ ശ്രീഭുവനേശ്വരി ഹൈസ്കൂൾ, കുട്ടമ്പേരൂർ എസ്.കെ.വി. സ്കൂൾ, ചെന്നിത്തല മോഡൽ യു.പി. സ്കൂൾ എന്നിവിടങ്ങളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തകരായ വിദ്യാർഥികൾ ഈ നദിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള നവീകരണ പ്രവർത്തനമാണ് നടന്നത്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടുന്ന സംഘം 30,000 തൊഴിൽദിനങ്ങളാണ് ചെലവഴിച്ചത്. ഏറെ ക്ലേശം സഹിച്ചാണ് തൊഴിലാളികൾ നിശ്ചിത സമയത്തിനുള്ളിൽ ഇതു തീർത്തതെന്ന് ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വംഭരപ്പണിക്കർ പറഞ്ഞു.
 നവീകരിച്ച നദിയുടെ സമർപ്പണം ഞായറാഴ്ച രാവിലെ എട്ടിന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. ബുധനൂരിലെ ഹരിതകേരളം പദ്ധതിയുടെ രണ്ടാംഘട്ടമായ ജൈവകൃഷിയുടെ ഉദ്ഘാടനച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിക്കും. കെ.കെ.രാമചന്ദ്രൻനായർ അധ്യക്ഷനാകും. 
  

March 20
12:53 2017

Write a Comment

Related News