environmental News

ഭൂമിയിലെ ജീവന് ഏറ്റവും പഴക്കമേറിയ തെളിവുമായി ഗവേഷകര്‍

ഗവേഷകരെ ആശ്ചര്യപ്പെടുത്തി, ഭൂമി പിറവിയെടുത്ത് അധികം താമസിയാതെതന്നെ ജീവന്‍ ഉദ്ഭവിച്ചതായി കണ്ടെത്തല്‍. കാനഡയിലെ ക്യുബക്കില്‍ കണ്ടെത്തിയ സൂക്ഷജീവികളുടെ ഫോസിലിന് 400 കോടി വര്‍ഷം പഴക്കമുണ്ടെന്ന് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തില്‍ പറയുന്നു. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പ്രായംകൂടിയ ജൈവഫോസിലാണിത്.

ക്യുബക്കിലെ നുവ്വാഗിട്ടിക് സൂപ്രക്രസ്റ്റല്‍ ബെല്‍ട്ടിലെ (എന്‍.എസ്.ബി.) ശിലാപാളികള്‍ക്കിടയില്‍നിന്നാണ് ഫോസില്‍ കണ്ടെടുത്തത്. ഭൂമിയിലെ പഴക്കമേറിയ അവസാദശിലകള്‍ ഇവിടെയാണുള്ളത്. ഇന്നുള്ള ബാക്ടീരിയകള്‍ക്കു സമാനമായ സൂക്ഷജീവികളുടേതാണ് ഫോസിലെന്ന് ഗവേഷകര്‍ പറയുന്നു.

ഭൂമിയുടെ പ്രായം ഏകദേശം 450 കോടി വര്‍ഷമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കണ്ടെത്തിയ ഫോസിലിന് 377 കോടി മുതല്‍ 430 കോടി വര്‍ഷംവരെ പ്രായം കണ്ടേക്കാം-ഗവേഷകസംഘത്തിലെ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസര്‍ ഡൊമനിക് പാപ്പിനിയു പറഞ്ഞു. ഭൂമിയില്‍ തുടക്കത്തിലേ ജീവന്‍ പിറന്നെങ്കില്‍ പ്രപഞ്ചത്തില്‍ ജലമുള്ള മറ്റു ഗ്രഹങ്ങളിലും ഇത് സാധ്യമാണ്-പാപ്പിനിയു ചൂണ്ടിക്കാട്ടി. ഭൂമിയിലെപ്പോലെ ചൊവ്വയിലും ഇതേകാലത്ത് ജലം നിലനിന്നിരുന്നതിന് തെളിവുണ്ട്. സമാനസാഹചര്യം നിലനിന്നിരുന്ന ചൊവ്വയിലും ജീവന്‍ പിറവിയെടുത്തിരിക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ല.

 ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത് സമുദ്രാടിത്തട്ടിലെ ചൂടുറവകളിലാവുമെന്ന നിഗമനത്തെ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലും. അവിടെ സമൃദ്ധമായിരുന്ന ഇരുമ്പിനെയാണ് ബാക്ടീരിയകള്‍ ഊര്‍ജത്തിനായി ആശ്രയിച്ചിരുന്നത്.

ജീവന്‍ രൂപപ്പെടാന്‍ ദീര്‍ഘമായ കലയളവോ അതിസങ്കീര്‍ണവും സവിശേഷവുമായ രാസപ്രക്രയയോ ആവശ്യമില്ലെന്നതിനു തെളിവാണ് ഫോസിലിന്റെ കണ്ടെത്തല്‍-ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ബയോ ജിയോകെമിസ്റ്റ് മാത്യു ഡോഡ് പറഞ്ഞു.

March 24
12:53 2017

Write a Comment