SEED News

മണ്ണിൽവിളഞ്ഞ പുരസ്കാരം


കണ്ണൂര്‍: മണ്ണില്‍ ചവിട്ടിനടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച്.എസ്.എസിലെ കുട്ടികള്‍ ഈവര്‍ഷം വിളവെടുത്ത മഞ്ഞളിന്റെ അളവുമാത്രം നാലു ക്വിന്റലിലേറെവരും. ഇതോടൊപ്പം സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജനും കുട്ടികള്‍ക്കും വലിയൊരു വിളവുകൂടി കിട്ടി 'മാതൃഭൂമി സീഡി'ന്റെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരം. ഒരുലക്ഷം രൂപവരുന്ന ഈ പുരസ്‌കാരലബ്ധിയിലൂടെ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാനത്തെ ഹരിതവിദ്യാലയങ്ങളില്‍ ഒന്നാംസ്ഥാനത്തെത്തി. നേരത്തേ മികച്ച കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
ജൂണ്‍ അഞ്ചിന് മാനന്തേരിയിലെ 40 വീടുകളില്‍ അവര്‍ക്കിഷ്ടപ്പെട്ട മരങ്ങള്‍ നട്ടുനനച്ച് തുടങ്ങിയതാണ് സ്‌കൂളിലെ സീഡ് ക്‌ളബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം. ഒരേക്കറില്‍ 35 ഇനം ഫലവൃക്ഷങ്ങളുള്ള തോട്ടമൊരുക്കിയതിനുപുറമെ ഏഴര ക്വിന്റല്‍ പച്ചക്കറി, ഒരു ടണ്ണിലേറെ കിഴങ്ങുവര്‍ഗങ്ങള്‍, ഒന്നര ടണ്ണിലേറെ വാഴക്കുല എന്നിവയും 23 വര്‍ഷം ഉത്പാദിപ്പിച്ചു.
 മാങ്ങാട്ടിടത്തെ കുളങ്ങളെക്കുറിച്ച് സര്‍വേ നടത്തി സര്‍ക്കാരില്‍ നിവേദനം നല്കി. അവയുടെ പുനരുദ്ധാരണത്തിന് ഒന്നരക്കോടി അനുവദിപ്പിച്ച് പണി തുടങ്ങുന്നതുവരെയെത്തി ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
മാങ്ങാട്ടിടത്തും കൈതേരിയിലും ഓലായിക്കരയിലും കായലോട്ടും പോയി സീഡ് അംഗങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിന് നല്കിയത് നാലര ക്വിന്റലിലേറെ പ്‌ളാസ്റ്റിക്കാണ്. 
കുട്ടികളുണ്ടാക്കിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ മാനന്തേരിയിലെ 25 വീടുകള്‍ക്ക് നല്കിയതും ഈറ്റകൊണ്ടുണ്ടാക്കിയ വിശറികള്‍ സര്‍ക്കാര്‍ ആസ്പത്രികളിലെത്തിച്ചതും ഇരുനൂറുപേര്‍ക്ക് തുണിസഞ്ചി നല്കിയതം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം.
 ഓമനിച്ചുവളര്‍ത്തിയ 12 കോഴികളെ കൂടടക്കം മാനന്തേരി തൊണ്ടിലേരി ലക്ഷം വീട് കോളനിയിലെ നിര്‍ധന കുടുംബത്തിന് നല്കുമ്പോള്‍ കുട്ടികള്‍ ഒരുമാസത്തെ കോഴിത്തീറ്റയും നല്കിയിരുന്നു. രണ്ട് ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങളും നിര്‍മിച്ചുനല്കി.
സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ദിവസവും പച്ചക്കറികള്‍ നല്കുന്നതിനുപുറമെ സ്‌കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന്റെ ഒരുദിവസത്തെ ഭക്ഷണമൊരുക്കിയതും സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തിലാണ്. ജില്ലാ സ്‌കൂള്‍ കലോത്സവ സദ്യയ്ക്ക് 'നഞ്ചില്ലാത്ത ഊണ് എന്റെ വക' പദ്ധതിപ്രകാരം ഒരുദിവസം പച്ചക്കറി നല്കിയ ഇവര്‍ തന്നെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സദ്യയ്ക്കുള്ള പച്ചക്കറികളില്‍ വലിയൊരുപങ്ക് നല്കിയത്. ആദിവാസികള്‍ക്ക് സോളാര്‍ വിളക്കുനല്കുമ്പോഴും മെരുവമ്പായി പുഴയില്‍ തടയണ കെട്ടുമ്പോഴും കുട്ടികളോടും രാജന്‍ മാഷോടുമൊപ്പം പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതിയും മാനേജര്‍ ആര്‍.കെ.രാഘവനും പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരനും മദര്‍ പി.ടി.എ. പ്രസിഡന്റ് എല്‍.ബിജുളയും എന്നുമുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മുപ്പത്തിരണ്ടിനം നാട്ടുമാവുകളുടെ തൈകള്‍ നട്ടുനനച്ച് വളര്‍ത്താന്‍ സീഡൊരുക്കിയ എം.കെ. എന്ന നാട്ടുമാന്തോപ്പ് മെരുവമ്പായി പള്ളിപ്പറമ്പില്‍ പരിപാലിക്കുന്നത് സ്‌കൂളിലെ സീഡ് അംഗങ്ങളാണ്. നാട്ടുപൂക്കളിട്ടും പ്രദര്‍ശിപ്പിച്ചും ഇവര്‍ പരത്തുന്ന നാട്ടുനന്മയ്ക്കുള്ള അംഗീകാരംകൂടിയാണീ പുരസ്‌കാര ലബ്ധി.


March 27
12:53 2017

Write a Comment

Related News