environmental News

20 വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ ഇല്ലാതായത് പത്തുശതമാനം വനം.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വനം ഭൂമിയില്‍ ഇല്ലാതായതായി പഠനം. 20 വര്‍ഷത്തിനുള്ളില്‍ പത്തുശതമാനം കുറവ്. കൊടും കാടിന്റെ വിഭാഗത്തില്‍ വെറും 24 ശതമാനം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.

പ്രസിദ്ധ സര്‍വകലാശാലകളിലെ ഏഴ് ഗവേഷകര്‍ നടത്തിയ പഠനം അന്താരാഷ്ട്ര ജേര്‍ണലായ 'കറണ്ട് ബയോളജി' മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1990 മുതലാണ് വന്‍തോതിലുള്ള വനനശീകരണം നടന്നതായി പറയുന്നത്. ഏറ്റവുമധികം വനം ഇല്ലാതായത് സൗത്ത് അമേരിക്കയിലാണ്. ഇക്കാലയളവില്‍ 30 ശതമാനമാണ് അവിടെ നഷ്ടം. ആഫ്രിക്കയില്‍ 14 ശതമാനം കാട് നഷ്ടപ്പെട്ടു.
 
ഇത്രത്തോളം വനനഷ്ടമില്ലെങ്കിലും ഇന്ത്യയിലും വന്‍തോതിലുള്ള കുറവാണ് കാണുന്നത്.
 
അതിവേഗം കാടില്ലാതാവുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയധികം കാട് നശിച്ചത് മനുഷ്യവംശത്തിന് വലിയ ഭീഷണിയാണുണ്ടാക്കുന്നതെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. 'ഇത് തുടര്‍ന്നാല്‍ ജീവിവര്‍ഗത്തിന്റെ മുഴുവന്‍ നാശം വൈകാതെ സംഭവിക്കും.

 ഗുരുതരമായ കാലാവസ്ഥാ വ്യതിയാനമാണ് ജീവിവര്‍ഗത്തെ കാത്തിരിക്കുന്നത്' - ഗവേഷകരിലൊരാളായ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ ഓസ്‌കാര്‍ വെന്റര്‍ പറയുന്നു.

കൂടുതലും മനുഷ്യന്റെ ഇടപെടല്‍തന്നെയാണ് വനനാശത്തിന് കാരണം. വികസനത്തിന്റെ പേരിലാണ് ഏറ്റവുമധികം നശിപ്പിക്കപ്പെട്ടത്. മണ്ണൊലിപ്പുപോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്കാണ് രണ്ടാം സ്ഥാനം. ഇതിലും മനുഷ്യന്റെ ഇടപെടല്‍ ഉണ്ട്. വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഉള്‍ക്കൊണ്ട് ഒരു ലോകനയം തന്നെ ഉണ്ടാവേണ്ടതിന്റെ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ പഠന റിപ്പോര്‍ട്ട്.

നിലവിലുള്ള കാനനപ്രദേശങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയ മാപ്പുകള്‍ എല്ലാ രാജ്യങ്ങളും ഉണ്ടാക്കണം. ഇനിയൊരു മരംപോലും അതില്‍നിന്ന് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. യുണൈറ്റഡ് നാഷന്‍സ് പോലുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍കൈ എടുക്കുന്നില്ലെന്നും പഠനറിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 
(കടപ്പാട്:കറണ്ട് ബയോളജി' മാഗസിൻ )

April 27
12:53 2017

Write a Comment