environmental News

2020ല്‍ ഭൂമുഖത്തുനിന്ന്‌ മൂന്നില്‍ രണ്ട് വന്യമൃഗങ്ങളും അപ്രത്യക്ഷരാകും.

ലണ്ടന്‍: 2020 ആകുമ്പോഴേക്കും ഭൂമുഖത്ത് നിന്ന് മൂന്നില്‍ രണ്ട് വന്യമൃഗങ്ങളും അപ്രത്യക്ഷരാകുമെന്ന് പഠനം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറും ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. 

1970 മുതല്‍ 2012വരെയുള്ള കാലയളവില്‍ വന്യമൃഗങ്ങളില്‍ 58 ശതമാനത്തോളം ഇല്ലാതായതായി റിപ്പോര്‍ട്ട് പറയുന്നു. വന്യമൃഗ നശീകരണ തോത് ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ 2020ല്‍ നിലവിലുള്ള വന്യമൃഗങ്ങളില്‍ 67 ശതമാനവും ഇല്ലാതാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

കാലാവസ്ഥാ വ്യതിയാനമാണ് വന്യമൃഗങ്ങളുടെ നാശത്തിന് പ്രധാന കാരണമായി പഠനം വ്യക്തമാക്കുന്നത്. വേട്ടയാടല്‍, വനനശീകരണം, ഭക്ഷ്യ ദൗര്‍ലഭ്യം എന്നിവയും ഇവയുടെ നാശത്തിന് കാരണമാകുന്നു.

വനനശീകരണവും അതുമൂലമുണ്ടാകുന്ന പ്രത്യാഘാതവുമാണ് നിലവില്‍ വന്യമൃഗങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി. മനുഷ്യന്‍ സൃഷ്ടിക്കുന്ന മലീനീകരണങ്ങളാണ് മറ്റൊരു വില്ലനെന്നും റിപ്പോര്‍ട്ടിലുണ്ട്.

മനുഷ്യരുടെ ആധിക്യം പ്രകൃതിക്കും ആഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ഭക്ഷണം, ജലം എന്നിവ എല്ലാവര്‍ക്കും തികയാതെ വരുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. 

കുന്നുകള്‍, പുല്‍മേടുകള്‍, വനങ്ങള്‍, നദികള്‍, കടല്‍, ജലാശയങ്ങള്‍ തുടങ്ങി എല്ലാ ആവാസവ്യവസ്ഥകളില്‍ നിന്നും മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നു എന്ന് പഠനം പറയുന്നു.

കടപ്പാട്: ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റി

May 17
12:53 2017

Write a Comment