environmental News

ജാനകിയമ്മാളിന് ആദരവായി പശ്ചിമഘട്ടത്തില്‍ പുതിയ ഇനം സസ്യം.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി നീലഗിരി മലനിരകളില്‍ സോനറില വിഭാഗത്തില്‍പ്പെടുന്ന പുതിയ സസ്യത്തെ ഗവേഷകര്‍ കണ്ടെത്തി. പ്രശസ്ത സസ്യ ശാസ്ത്രജ്ഞ തലശ്ശേരി സ്വദേശി ഇ.കെ.ജാനകി അമ്മാളിനോടുള്ള ആദരവായി പുതിയ സസ്യത്തിന് സോനറില ജാനകിയാന എന്നാണ് പേരിട്ടിരിക്കുന്നത്.

നീലഗിരിയിലെ നാടുകാണി മലകളിലെ പാറയിടുക്കുകളില്‍ മണ്‍സൂണ്‍കാലത്തുമാത്രം പ്രത്യക്ഷപ്പെടുന്നതാണ് പുതിയ സസ്യം. പയ്യന്നൂര്‍ കോളേജിലെ ബോട്ടണിവിഭാഗം അസി. പ്രൊഫസര്‍ ഡോ. എം.കെ.രതീഷ് നാരായണന്‍, എറണാകുളം മാലിയങ്കര എസ്.എന്‍.എം. കോളേജ് പ്രൊഫസര്‍ ഡോ. സി.എന്‍.സുനില്‍, കിങ് സൗദ് സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എം.ശിവദാസന്‍, ഗവേഷക വിദ്യാര്‍ഥി നവീന്‍കുമാര്‍, എം.എസ്.സ്വാമിനാഥന്‍ ഗവേഷകകേന്ദ്രത്തിലെ എം.കെ.നന്ദകുമാര്‍ എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് കണ്ടെത്തലിനുപിന്നില്‍. അന്താരാഷ്ട്ര ജേണലായ നോര്‍ ഡിക് ജേണല്‍ ഓഫ് ബോട്ടണി ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു.

കായാമ്പൂവിന്റെ കുടുംബമായ മെലാസ്റ്റോമാറ്റേസേയില്‍ ഉള്‍പ്പെടുന്ന സോനറില എന്ന സസ്യജനുസ്സിന്റെ നാല്‍പ്പതിലധികം ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുണ്ട്. കിഴങ്ങില്‍നിന്ന് രൂപപ്പെട്ട് മണ്ണിലൂടെ വളരുന്ന തണ്ടുകളാണ് സോനറില ജാനകിയാനയെ മറ്റിനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. പിങ്ക് നിറത്തിലുള്ള പൂക്കള്‍ കുലകളായാണ് കാണുന്നത്.

May 22
12:53 2017

Write a Comment