environmental News

കാവും കണ്ടല്‍ക്കാടും കാക്കണമെന്ന് പഞ്ചായത്തുകളോട് സര്‍ക്കാര്‍.

കൊച്ചി: എല്ലാ പഞ്ചായത്തിലും നഗരസഭയിലും കാവും കണ്ടല്‍ക്കാടും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. പരിസ്ഥിതി സംബന്ധമായി വലിയ പ്രാധാന്യമുള്ള അവ, ആരും നോക്കാനില്ലാതെ നശിക്കുന്നത് ഒഴിവാക്കാനാണിത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് സംരക്ഷണത്തിന്റെ ഉത്തരവാദിത്വം.

സംരക്ഷിക്കപ്പെടേണ്ട കാവിന്റെയും കണ്ടല്‍ക്കാടിന്റെയും പട്ടിക തയ്യാറാക്കാന്‍ ഹരിതകേരള മിഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെലവു കുറഞ്ഞ രീതിയില്‍ മുള്ളുവേലി കെട്ടി സംരക്ഷിക്കാനും അഭിവൃദ്ധിപ്പെടുത്താനും വേണ്ടതെല്ലാം ചെയ്യണം. ഓരോ കാവിലെയും സംരക്ഷിക്കേണ്ട മരങ്ങളുടെയും സസ്യങ്ങളുടെയും ഏകദേശ കണക്കുണ്ടാക്കും. 

നാട്ടില്‍ സര്‍വ സാധാരണമായിരുന്ന കാവുകള്‍ പലതും ഇല്ലാതായി. ഭൂമിക്കു വിലയേറിയപ്പോള്‍ സ്വകാര്യ ഉടമസ്ഥതയിലുണ്ടായിരുന്ന ചെറു കാവുകള്‍ ഒട്ടുമിക്കതും നിരന്ന ഭൂമി മാത്രമായി. തീരദേശ ജില്ലകളുടെ തീരപ്രദേശത്ത് സമൃദ്ധമായി ഉണ്ടായിരുന്ന കണ്ടല്‍ക്കാടിനും നാശം വന്നു. കാവും കാടും സമീപ പ്രദേശങ്ങളുടെ ജലസംഭരണ കേന്ദ്രങ്ങളുമായിരുന്നു. വര്‍ഷംതോറും കൊടിയ വേനല്‍ സംസ്ഥാനത്ത് ജലക്ഷാമമുണ്ടാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തു വരുന്നത്.

തദ്ദേശ സ്ഥാപനത്തിന്റെ എന്‍ജിനീയറുടെ സഹായത്തോടെ സംരക്ഷണ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കണം. ചെയ്യേണ്ട പ്രവൃത്തികളും അടങ്കല്‍ തുകയും നിശ്ചയിക്കണം. സ്വകാര്യ കാവുകളില്‍ സംരക്ഷണ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഉടമയെയോ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നടത്തിപ്പുകാരെയോ ഏല്പിക്കണം. പൊതു കാവുകളുടെ ചുമതല പ്രാദേശിക കൂട്ടായ്മകളെയാണ് ഏല്പിക്കേണ്ടത്. ജൈവ വൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയിലാണ് മേല്‍നോട്ടം. 

ജൈവ വൈവിധ്യ രജിസ്റ്റര്‍ കാലാനുസൃതമായി തയ്യാറാക്കും. സംരക്ഷണ പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആകെ ചെലവിന്റെ 75 ശതമാനം തദ്ദേശ സ്ഥാപനമാണ് നല്‍കേണ്ടത്. വാര്‍ഷിക പരിപാലനത്തിനും ഗ്രാന്റുണ്ട്. പട്ടികജാതി സമുദായ സംഘടനകള്‍ പരിപാലിച്ചു വരുന്ന കാവുകള്‍ക്ക് പട്ടികജാതി വകുപ്പില്‍ നിന്ന് നല്‍കിവരുന്ന വാര്‍ഷിക ഗ്രാന്റിനു പുറമെ ഈ ഗ്രാന്റും നല്‍കും. 

പരിസ്ഥിതി സംരക്ഷണത്തിനായുള്ള കാവ് എന്ന് ഈ കാവുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കണം. ജൈവ വൈവിധ്യ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയും വേണം. പദ്ധതിക്കാവശ്യമായ ശാസ്ത്ര സാങ്കേതിക ഉപദേശം നല്‍കുന്നത് ജവാഹര്‍ലാല്‍ നെഹ്‌റും ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമാണ്. 

May 26
12:53 2017

Write a Comment