environmental News

കശ്മീരില്‍ കുരങ്ങുവര്‍ഗത്തിന്റെ ഫോസില്‍ കണ്ടെത്തി..

ന്യൂയോര്‍ക്ക്: ഒരുകോടി വര്‍ഷംമുന്‍പ് ജമ്മുകശ്മീര്‍ ഉള്‍പ്പെട്ട വടക്കേ ഇന്ത്യയില്‍ ജീവിച്ചിരുന്ന കുരങ്ങുവര്‍ഗത്തിന്റെ ഫോസില്‍ കണ്ടെത്തി. ഗവേഷകര്‍ ഇതിന് രമദാപിസ് സാഹ്നി എന്നാണ് പേരിട്ടിരിക്കുന്നത്.

ശിവലാദപിദയി കുടുംബത്തില്‍പ്പെട്ട ഇവയ്ക്ക് പൂച്ചയുടെ വലിപ്പം മാത്രമേ ഉള്ളൂവെന്നും ഇലകളാണ് ഭക്ഷിച്ചിരുന്നതെന്നും അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയയിലെ മെഡിസില്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ബൈറന്‍ പട്ടേലും സംഘവും 'ജേണല്‍ ഓഫ് ഹ്യൂമണ്‍ ഇവല്യൂഷനി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍പറയുന്നു. മനുഷ്യപരിണാമം സംബന്ധിച്ച പുതിയ അറിവുകളിലേക്ക് വെളിച്ചംവീശുന്നതാണ് കണ്ടെത്തല്‍.

കശ്മീരില്‍ ആറുവര്‍ഷത്തെ ഉത്ഖനനത്തിനൊടുവിലാണ് കുരങ്ങിന്റെ താടിയെല്ലിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തിയത്. തുടര്‍ന്നുനടത്തിയ വിശകലനത്തില്‍ ഇവ കുരങ്ങുകള്‍, ആള്‍ക്കുരങ്ങുകള്‍, മനുഷ്യന്‍ എന്നിവയുമായി വിദൂരബന്ധമുള്ള ലീമര്‍ വിഭാഗവുമായി (കാട്ടുകുരങ്ങ്) സാമ്യമുള്ളതാണെന്ന് കണ്ടെത്തി. മനുഷ്യപരിണാമം പൂര്‍ണമായി മനസ്സിലാക്കാന്‍ എല്ലാ കുരങ്ങുവര്‍ഗങ്ങളുടെയും ഉദ്ഭവം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് പുതിയ കണ്ടെത്തലിന് പ്രാധാന്യമുണ്ട് -ബൈറന്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി.

കടപ്പാട്:-'ജേണല്‍ ഓഫ് ഹ്യൂമണ്‍ എവല്യൂഷൻ 

May 29
12:53 2017

Write a Comment