environmental News

ചിന്നാറില്‍ പൂമ്പാറ്റകളുടെ ദേശാടനം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വയനാട്ടില്‍ ഇത്തവണ ചിത്രശലഭങ്ങളുടെ ദേശാടനം നടന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഇടുക്കി ജില്ലയിലെ മഴനിഴല്‍ പ്രദേശമായ ചിന്നാറില്‍ ശലഭങ്ങള്‍ കൂട്ടത്തോടെ ദേശാടനം നടത്തിയതായി കണ്ടെത്തല്‍. 

ചിന്നാര്‍, പാമ്പാര്‍ നദികളുടെ സംഗമസ്ഥാനമായ കൂട്ടാര്‍ ഭാഗത്തുനിന്നാണ് കഴിഞ്ഞ ദിവസം ശലഭങ്ങളുടെ ദേശാടനം ആരംഭിച്ചതെന്ന്, ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു അറിയിച്ചു. 

ചിന്നാര്‍ പുഴയോരം വഴി നൂറുകണക്കിന് പലതരം പൂമ്പാറ്റകള്‍ കൂട്ടമായി ദേശാടനം നടത്തുന്നതാണ് നിരീക്ഷിച്ചത്. ചുരുളിപ്പെട്ടി-തായണ്ണന്‍കുടി ഭാഗത്തേക്കായിരുന്നു ശലഭങ്ങളുടെ സഞ്ചാരം. ഡാര്‍ക്ക് ബ്ലൂ ടൈഗര്‍, ബ്ലൂ ടൈഗര്‍, കോമണ്‍ ക്രോ, പേല്‍ ടൈഗര്‍, കോമണ്‍ ലൈം തുടങ്ങിയയിനം ശലഭങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. മഴനിഴല്‍ മേഖലയായതിനാല്‍ താരതമ്യേന ചൂടേറിയ പ്രദേശമാണ് ചിന്നാര്‍ മേഖല. അവിടെ നിന്ന് ഇരവികുളം ഷോലയിലെ തണുപ്പുള്ള പുല്‍മേടുകളെ ലക്ഷ്യമാക്കിയായിരുന്നു ശലഭങ്ങളുടെ സഞ്ചാരം. നാലുമണിക്കൂര്‍ നീണ്ട ദേശാടനം ഗവേഷകനായ ഹാരിഷ് സുധാകര്‍ നിരീക്ഷിച്ചു. 

പശ്ചിമഘട്ടത്തില്‍ ദേശാടനം നടത്തുന്ന 44 ഇനം പൂമ്പാറ്റകളുണ്ട്. ദേശാടനവേളയില്‍ അവ കൂട്ടത്തോടെ ചില മരങ്ങളിലും ചെടികളിലും വിശ്രമിക്കാറുണ്ട്. ഭക്ഷ്യശൃംഖലയിലെ മുഖ്യകണ്ണിയാകുന്നതിനൊപ്പം വന്‍തോതില്‍ പരാഗണം നടത്തുകയെന്ന് ധര്‍മവും ഇത്തരം ദേശാടനങ്ങള്‍ക്കുണ്ട്. കാടുകളില്‍ പല സസ്യയിനങ്ങളുടെയും ചെടികളുടെയും നിലനില്‍പ്പിന് ഇതാണ് കാരണം.

(വാർത്തകൾക്കും,ചിത്രങ്ങൾക്കും കടപ്പാട്:- മാതൃഭൂമി ഓൺലൈൻ) 

June 26
12:53 2017

Write a Comment