environmental News

ദേശാടനം മുടങ്ങി; കേരളത്തിലേക്കുള്ള ശലഭങ്ങളുടെ വരവ് നിലച്ചു

താളംതെറ്റിയ കാലാവസ്ഥയ്‌ക്കൊപ്പം കേരളത്തിലേക്കുള്ള ചിത്രശലഭങ്ങളുടെ ദേശാടനവും നിലച്ചു. പശ്ചിമഘട്ട മലനിരകളില്‍നിന്ന് വയനാടുവഴി ലക്ഷക്കണക്കിന് ദേശാടനശലഭങ്ങള്‍ എത്താറുണ്ട്.

എന്നാല്‍, ഇത്തവണ ശലഭങ്ങള്‍ ഇതുവഴി കടന്നുപോയിട്ടില്ല. ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസം ശ്രദ്ധയില്‍പ്പെടുന്നതെന്ന് ശലഭനിരീക്ഷകര്‍ പറയുന്നു.

ആഗോളതാപനത്തിന്റെ ഇരകളായി വയനാട്ടില്‍ ലോലജീവികള്‍ ചത്തൊടുങ്ങുന്നതായി 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ചിത്രശലഭങ്ങളുടെ ദേശാടനം തടസ്സപ്പെട്ടതായുള്ള നിഗമനം. നീലഗിരിയില്‍നിന്ന് വയനാട് കുറുവദ്വീപും മറ്റും കടന്ന് കണ്ണൂരിലെ ആറളംവരെ നീളുന്നതാണ് ശലഭങ്ങളുടെ സഞ്ചാരപാത. നീലക്കടുവ, കരിനീലക്കടുവ, അരളി ശലഭങ്ങളാണ് പ്രധാനമായും എത്തിയിരുന്നത്. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ ചില പഠനങ്ങളൊഴികെ ശലഭദേശാടനത്തെക്കുറിച്ച് കേരളത്തില്‍ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

2013 ജനുവരിയില്‍ ആറളം പൊട്ടന്‍പ്ലാവില്‍ നാല് ലക്ഷത്തിലേറെ ശലഭങ്ങളെ ഇത്തരത്തില്‍ കണ്ടിട്ടുണ്ടെന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പശ്ചിമഘട്ട മേഖലാകേന്ദ്രത്തിലെ അസി. സുവോളജിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട് പറഞ്ഞു. ഇത്തവണ പൂമ്പാറ്റകളെ കാണാനായിട്ടില്ല.

വയനാട്ടില്‍ കഴിഞ്ഞദിവസം അവസാനിച്ച സര്‍വേയിലും ദേശാടനശലഭങ്ങളെ കാര്യമായി കണ്ടിട്ടില്ല. ജില്ലയിലാകെ വിരലിലെണ്ണാവുന്ന അരളിശലഭങ്ങളെ മാത്രമാണ് കണ്ടത്. നീലക്കടുവയെയും കരിനീലക്കടുവയെയും പേരിനുമാത്രം കണ്ടു. മുന്‍വര്‍ഷങ്ങളില്‍ സീസണില്‍ ഓരോദിവസവും  ആയിരക്കണക്കിന് ദേശാടന ശലഭങ്ങളെ കണ്ടിരുന്നതായി ശലഭനിരീക്ഷകനായ പി.എ. വിനയന്‍ പറഞ്ഞു.

മലബാര്‍ മേഖലയിലാകെ ശലഭങ്ങളുടെ അസാന്നിധ്യമുണ്ടെന്ന് ശലഭനിരീക്ഷകന്‍ ഡോ. അബ്ദുള്ള പാലേരി പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ പൂമ്പാറ്റകളെത്തുമെന്നാണ് കരുതുന്നതെന്ന് ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ ശലഭനിരീക്ഷകനും പി.ആര്‍.ഒ.യുമായ ഡോ. കലേഷ് സദാശിവന്‍ പറഞ്ഞു. ചിലയിടങ്ങളില്‍ വിരലിലെണ്ണാവുന്ന ശലഭങ്ങളെ കണ്ടെങ്കിലും അത് ദേശാടനമായി കാണാനാവില്ല. നീലഗിരി മേഖലയിലും കേരളത്തിലും ഒരുപോലെ മഴ കുറഞ്ഞതാവാം ശലഭങ്ങള്‍ ദേശാടനം ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് പൊതുവേയുള്ള നിഗമനം.

July 11
12:53 2017

Write a Comment