environmental News

ഹരിതഗൃഹപ്രഭാവം; വൈകാതെ എവറസ്റ്റ് മൊട്ടയാവും

ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ ഇപ്പോഴത്തേതിലും കൂടിയാല്‍ എവറസ്റ്റിലെ മഞ്ഞുപാളികളുടെ 70ശതമാനത്തിലേറെയും 85 വര്‍ഷംകൊണ്ട് ഉരുകിത്തീരുമെന്ന് പഠനം.

ഇത് ഇന്ത്യയിലും നേപ്പാളിലും പ്രളയമുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ക്കിടയാക്കുമെന്നും പഠനം പറയുന്നു. പരിസ്ഥിതിരംഗത്തു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ യൂറോപ്യന്‍ ജിയോ സയന്‍സസ് യൂണിയന്റെ പ്രസിദ്ധീകരണമായ 'ദ ക്രിയോസ്ഫിയറി'ലാണ് പഠനം പ്രസിദ്ധീകരിച്ചത്.

എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന ഹിമാലയന്‍ മലനിരകളിലെയും ഹിന്ദുക്കുഷ് മലനിരകളിലേയും മഞ്ഞുപാളികളുടെ 70മുതല്‍ 99 ശതമാനംവരെ 2100-ഓടെ ഉരുകിയൊലിച്ചുപോകുമെന്നാണ് പഠനം പറയുന്നത്. ഇത് ഇന്ത്യയിലെയും നേപ്പാളിലെയും കൃഷിക്കും ജലവൈദ്യുതപദ്ധതികള്‍ക്കും വന്‍ ആഘാതമുണ്ടാക്കും. നേപ്പാള്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ ഗവേഷകരടങ്ങിയ സംഘമാണ് പഠനം നടത്തിയത്.

എവറസ്റ്റുള്‍പ്പെടെ ലോകത്തെ ഉയര്‍ന്ന കൊടുമുടികള്‍ സ്ഥിതിചെയ്യുന്ന ദൂത് കോസിയിലെ മാറ്റങ്ങളും സംഘം പഠിച്ചു. കോസിയിലെ മഞ്ഞുപാളികളുരുകിയാല്‍ അത് ബിഹാറിലൂടെ ഒഴുകുന്ന കോസിനദിയില്‍ പ്രളയമുണ്ടാക്കും. എപ്പോഴും പ്രളയമുണ്ടാകുന്ന ഈ നദി 'ബിഹാറിന്റെ ദുഃഖം' എന്നാണറിയപ്പെടുന്നത്. മഞ്ഞുരുക്കം കൂടുമ്പോള്‍ നദിയിലേക്കുള്ള ജലപ്രവാഹത്തിന്റെ തോതും കൂടും.

July 19
12:53 2017

Write a Comment