environmental News

ഭൂമിയെ രക്ഷിക്കാന്‍ നിശാശലഭങ്ങളെത്തുന്നു; പ്ലാസ്റ്റിക് തിന്നുന്ന ലാർവകൾ ഭൂമിയുടെ രക്ഷകരാകുമോ?...

ലോകത്ത് പരിസ്ഥിതി മലിനീകരിക്കുന്നതൽ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉത്പന്നമാണ് പ്ലാസ്റ്റിക്. മണ്ണു മാത്രമല്ല കടല്‍ ജലവും വായുവും വരെ മലിനീകരിക്കുന്നതില്‍ പ്ലാസ്റ്റിക് വഹിക്കുന്ന പങ്കു ചെറുതല്ല. പ്ലാസ്റ്റികിന്‍റെ ഉപയോഗത്തിന് ഒട്ടേറെ നിന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടും ഇവയൊന്നും ഫലപ്രദമായി നടപ്പാക്കാന്‍ ഒരു രാജ്യത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ ഘട്ടത്തിലാണ് നിശാശലഭത്തിന്‍റെ ലാര്‍വ ഭൂമിയുടെ രക്ഷക്കെത്തിയേക്കുമെന്നുള്ള വാർത്ത പ്രതീക്ഷ നല്‍കുന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് പ്രത്യേകയിനം നിശാശലഭങ്ങളുടെ പുഴുക്കള്‍ക്ക് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാന്‍ ശേഷിയുണ്ടെന്നു കണ്ടെത്തിയത്. തേനീച്ചക്കൂടുകളിലെ മെഴുകു തിന്നുന്നവാണ് ഈ ലാര്‍വകള്‍. ഈ കഴിവാണ് അവയെ പ്ലാസ്റ്റിക് വിഘടിപ്പിക്കാനും സഹായിക്കുന്നത്.

ഗലേറിയ മെല്ലൊണല്ല എന്ന ഗണത്തില്‍ പെട്ട നിശാശലഭങ്ങളുടെ ഒരു ലാര്‍വയ്ക്ക് ഒരു പ്ലാസ്റ്റിക് കവറില്‍ സ്വന്തം വലിപ്പമുള്ള ദ്വാരമുണ്ടാക്കാന്‍ 1 മണിക്കൂര്‍ സമയമാണു വേണ്ടിവരുന്നത്. ഈ ലാര്‍വകളുടെ കഴിവ് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തില്‍ വഴിത്തിരിവാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ലാര്‍വകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായി പുനരാവിഷ്കരിക്കാന്‍ കഴിഞ്ഞാല്‍ ലോകം ഇന്നു നേരിടുന്ന പ്ലാസ്റ്റിക് ഭീഷണി ഒഴിവാക്കാനാകുമെന്നാണ് നിഗമനം.

വര്‍ഷം തോറും 8 കോടി ടണ്‍ ഭാരം വരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം പുറന്തള്ളപ്പെടുന്നുണ്ടെന്നാണു കണക്ക്. നിലവില്‍ പ്ലാസ്റ്റിക് വിഘടിപ്പിച്ചു മാലിന്യം ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യ കണ്ടെത്തിയിട്ടില്ല. പ്ലാസ്റ്റിക് വിഘടിപ്പിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതിനു സഹായകമാകുന്ന രീതിയിലല്ല. അതുകൊണ്ടു തന്നെ നിശാ ശലഭത്തിന്‍റെ ലാര്‍വകളുടെ പ്രവര്‍ത്തനം കണ്ടെത്തിയത് ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനങ്ങളില്‍ വഴിത്തിരിവാകുമെന്നാണു പ്രതീക്ഷ.

August 26
12:53 2017

Write a Comment