environmental News

കടലിനടിയില്‍ നീരാളികളുടെ 'നഗരം'

 കടല്‍നീരാളികള്‍ സമൂഹജീവികളല്ല, ഒറ്റയാന്മാരാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഈ ധാരണ തെറ്റാണെന്ന് തെളിയിച്ച് കടലിനടിയില്‍ നീരാളികളുടെ 'നഗരം' കണ്ടെത്തിയിരിക്കയാണ് ഗവേഷകര്‍.
 അമേരിക്കയിലെ ഇലിനോയി സര്‍വകലാശാലാ ഗവേഷകര്‍ ഓസ്ട്രേലിയയുടെ കിഴക്കന്‍തീരത്താണ് നീരാളികളുടെ വാസകേന്ദ്രം  കണ്ടെത്തിയത്.
  ജെര്‍വിസ് വേയിലെ കടലില്‍ പത്തുമുതല്‍ പതിനഞ്ച് മീറ്റര്‍ താഴ്ചയിലാണ് എഴുപത്തിരണ്ട് സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയുള്ള നീരാളികോളനി. പതിനഞ്ച് നീരാളികള്‍ കോളനിയില്‍ കഴിയുന്നതായി ഗവേഷകര്‍ പറയുന്നു. പാറക്കഷ്ണങ്ങള്‍, സമുദ്രജീവികളുടെ പുറന്തോട് തുടങ്ങിയവകൊണ്ടാണ് കേന്ദ്രത്തിന്റെ നിര്‍മാണം. നീരാളികള്‍ക്ക് പാര്‍ക്കാനായി 23 മടകളും കോളനിയിലുണ്ടായിരുന്നു. മണലും കക്കത്തോടും കുഴിച്ചാണ് മടകള്‍ നിര്‍മിച്ചിരിക്കുന്നത്.
 നാല് ക്യാമറകള്‍ ഉപയോഗിച്ച് പത്തുമണിക്കൂറോളം ഗവേഷകര്‍ നീരാളിത്താവളം പകര്‍ത്തിയിരുന്നു. 
ഇതില്‍നിന്ന് നീരാളികള്‍ സമൂഹജീവികളുടെ സ്വഭാവം കാണിക്കുന്നതായി വ്യക്തമായി. പരസ്പരം തൊട്ടുരുമ്മിയും പിന്തുടര്‍ന്നും ആശയവിനിമയം നടത്തിയുമാണ് നീരാളികള്‍ കഴിഞ്ഞിരുന്നത്. കോളനിയിലെത്തുന്ന മറ്റുജീവികളെ നീരാളികള്‍ കൂട്ടംചേര്‍ന്ന് ഓടിക്കുന്നതും കാണാമായിരുന്നു.
  മറൈന്‍ ആന്‍ഡ് ഫ്രഷ് വാട്ടര്‍ ബിഹേവിയര്‍ ആന്‍ഡ് സൈക്കോളജി എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

September 26
12:53 2017

Write a Comment