environmental News

വരുന്നു, പ്രകാശം പരത്തുന്ന ചെടികള്‍!

മരങ്ങളും ചെടികളും പ്രകാശം പരത്തുകയോ? അവിശ്വാസത്തോടെയാകും പലരും ഇക്കാര്യം വായിക്കുക. അതേസമയം, ജയിംസ് കാമറൂണിന്റെ ഇതിഹാസ സയന്‍സ് ഫിക്ഷന്‍ സിനിമയായ 'അവതാര്‍' (2009) കണ്ടിട്ടുള്ളവര്‍ക്ക് 'പന്‍ഡോര' ( Pandora ) എന്ന വിദൂര ഉപഗ്രഹത്തിലെ വനങ്ങളും ചെടികളുമാകും ഓര്‍മ വരിക. സ്വയം പ്രകാശിക്കുന്ന ചെടികളും കാടും ആ സിനിമയിലെ മായികമായ ഒരു ദൃശ്യാനുഭവമാണ്.

അമേരിക്കയില്‍ 'മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി'യിലെ ( MIT ) കെമിക്കല്‍ എന്‍ജിനിയറിങ് ഗവേഷകര്‍ അടുത്തയിടെ പുറത്തുവിട്ട ഒരു പഠനം, മേല്‍സൂചിപ്പിച്ച സാധ്യതയിലേക്ക് ശാസ്ത്രം ചുവടുവെയ്ക്കുന്നു എന്നതിന്റെ സൂചനയാണ്. സവിശേഷരീതിയില്‍ രൂപപ്പെടുത്തിയ നാനോകണങ്ങള്‍ കടത്തിവിട്ട്, ഒരു മഷിത്തണ്ട് ചെടിയെ ഏതാണ്ട് നാലുമണിക്കൂര്‍ നേരം പ്രകാശിപ്പിക്കാന്‍ അവര്‍ക്കായി. ഈ വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍, ടേബില്‍ ലാമ്പായും ജോലിസ്ഥലത്തെ വെട്ടത്തിനുമൊക്കെ ഇത്തരം ചെടികള്‍ മതിയാകും. സ്ട്രീറ്റ് ലൈറ്റായി മാറാനും ചെടികള്‍ക്കാകും.

ഇരുട്ടില്‍ വിളക്കുപോലെ പ്രകാശം പരത്തുന്ന ചെടികള്‍. അതായത് പ്ലഗ്ഗില്‍ ഘടിപ്പിക്കേണ്ടാത്ത വൈദ്യുതിവിളക്ക്, അതാണ് ലക്ഷ്യം-പഠനസംഘത്തിലെ മുതിര്‍ന്ന ഗവേഷകന്‍ മൈക്കല്‍ സ്ട്രാനോ പറഞ്ഞു. 'നാനോ ലെറ്റേഴ്‌സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവ്, എം.ഐ.ടിയിലെ ഗവേഷക വിദ്യാര്‍ഥി സിയോണ്‍-യിയോങ് ക്വാക്ക് ആണ്. 

പ്രകാശിക്കുന്ന ചെടികളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് 'കിക്ക്സ്റ്റാര്‍ട്ടര്‍' ( Kickstarter ) വഴി ഫണ്ട് സ്വരൂപിച്ച് തുടങ്ങിയ പദ്ധതി ('Glowing Plant project') ഉദാഹരണം. ആന്റണി ഇവാന്‍സ് എന്ന ഗവേഷകന്‍ ആരംഭിച്ച ആ ഗവേഷണ പദ്ധതി, ആവശ്യത്തിന് ഫണ്ടില്ലാത്തതിനാല്‍ നിര്‍ത്തലാക്കുന്നു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് എം.ഐ.ടി.സംഘത്തിന്റെ പഠനം ശ്രദ്ധയാകര്‍ഷിക്കുന്നത്.





January 03
12:53 2018

Write a Comment