environmental News

കാലാവസ്ഥാ വ്യതിയാനം പച്ച കടലാമകള്‍ നാശത്തിലേക്ക്

കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പൊല്ലാപ്പുകള്‍ ചെറുതൊന്നുമല്ല. സമുദ്രനിരപ്പ് ഉയരുന്നതുമുതല്‍ മൃഗങ്ങളുടെ വംശനാശം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരീയര്‍ റീഫിന് സമീപമുള്ള കടലോരങ്ങളില്‍ പെണ്‍ കടലാമകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. പെണ്‍ കടലാമകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതോടെ ഇവ നശിക്കുമെന്നാണ് പറയുന്നത്. യുണൈഡറ്റ് സ്റ്റേറ്റ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിട്രേഷനിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍.  വംശനാശഭീഷണി നേരിടുന്നവയാണ് കിലോണിയ മിഡാസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഗ്രീന്‍ ടര്‍ട്ടിലുകള്‍. ( പച്ച കടലാമകള്‍) 1990-നുശേഷം ഇവിടെ താപനില വര്‍ധിച്ചിട്ടുണ്ട്. 
 അതിനുശേഷം ജനിച്ച കടലാമകളില്‍ കൂടുതലും പെണ്‍ വര്‍ഗത്തില്‍പ്പെട്ടതാണ്. 
ഗ്രേറ്റ് ബാരീയര്‍ റീഫിന് വടക്കുള്ള കടലോരങ്ങളില്‍ വിരിയുന്ന കടലാമകളില്‍ 99.8 ശതമാനവും പെണ്‍വര്‍ഗത്തില്‍പ്പെട്ടവയാണ്. അതേസമയം, തെക്കന്‍ കടലോരപ്രദേശത്ത് 65 ശതമാനമാണ് പെണ്‍വര്‍ഗം.  പ്രദേശത്തെ ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഈ ലിംഗപരമായ വ്യത്യാസത്തിന് കാരണം. അന്തരീക്ഷത്തിലുണ്ടാകുന്ന ചൂടും കടലാമകളുടെ ലിംഗനിര്‍ണയവും തമ്മില്‍ ബന്ധമുണ്ട്. 
കൂടിയ താപനിലയിലുള്ള പൂഴിയിലുള്ള മുട്ടകളില്‍നിന്ന് വിരിഞ്ഞുവരുന്നത് കൂടുതലും പെണ്‍ ആമകളും തണുത്ത താപനിലയില്‍നിന്ന് വിരിയുന്നത് കൂടുതലും ആണ്‍ ആമകളുമാണ്. 
ഈ പ്രദേശത്തെ മുതലകളുടെയും അവസ്ഥ ഇതുതന്നെ. പിറക്കുന്നത് കൂടുതല്‍ പെണ്‍മുതലകള്‍. 2100-ഓടെ ശരാശരി ആഗോള താപനില 2.6 ഡിഗ്രി ഉയരുമെന്നാണ് വിലയിരുത്തല്‍.
 കറന്റ് ബയോളജി എന്ന ജേണലിലാണ് ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

January 11
12:53 2018

Write a Comment